കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ച് ഹജ്ജ് സെല്‍ രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോട് ക്രൈംബ്രാഞ്ച് എകണോമിക് ഒഫന്‍സ് വിങ് എസ്.പി യു. അബ്ദുല്‍ കരീമിനാണ് ഇത്തവണയും ഹജ്ജ് സെല്ലിന്‍െറ ചുമതല. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 30 പേരാണ് ഹജ്ജ് സെല്ലിലുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭിക്കുന്ന തീര്‍ഥാടകരുടെ പാസ്പ്പോര്‍ട്ടുകള്‍, മറ്റ് യാത്രാരേഖകള്‍ എന്നിവയുടെ ചുമതല ഹജ്ജ് സെല്ലിനാണ്.
ഓരോ ദിവസവും പുറപ്പെടുന്ന തീര്‍ഥാടകരുടെ പാസ്പ്പോര്‍ട്ടുകളും മറ്റ് രേഖകളും നേരത്തേതന്നെ ഇവര്‍ തയാറാക്കിവെക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് സെല്‍ മുഖേനയാണ് യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി തീര്‍ഥാടകര്‍ക്ക് ഇവ നല്‍കുക. ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പേ ഹജ്ജ് സെല്ലിന്‍െറയും പ്രവര്‍ത്തനം ആരംഭിക്കും. ആഗസ്റ്റ് 16 മുതല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫിസ് ക്യാമ്പ് നടക്കുന്ന നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കും. തൊട്ടടുത്ത ദിവസങ്ങളിലായി ഹജ്ജ് സെല്ലിന്‍െറയും പ്രവര്‍ത്തനം തുടങ്ങും. ആഗസ്റ്റ് 22നാണ് ഇത്തവണ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. പതിനായിരത്തിലധികം തീര്‍ഥാടകരാണ് ഈ വര്‍ഷം കേരളത്തില്‍നിന്ന് ഹജ്ജിനായി പുറപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്രയും തീര്‍ഥാടകരുണ്ടാകുന്നത്. കൂടുതല്‍ പേരുള്ളതിനാല്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കുന്നത്.
മൂന്നാംഘട്ട പരിശീലനം 10 മുതല്‍
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനായി പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കുള്ള മൂന്നാംഘട്ട പരിശീലനം ആഗസ്റ്റ് 10 മുതല്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നടക്കും. 15 വരെയാണ് വിവിധയിടങ്ങളിലായി ക്ളാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളും ജില്ലാ അടിസ്ഥാനത്തില്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായുള്ള വാക്സിനേഷനുകള്‍ അതാത് ജില്ലാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ചയോടെ എല്ലാ ജില്ലകളിലും പ്രതിരോധ മരുന്നുകള്‍ എത്തിക്കും. തുടര്‍ന്ന് ട്രെയിനര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായി ആലോചിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ തീര്‍ഥാടകരുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്രെയിനര്‍മാര്‍ തീര്‍ഥാടകരെ അറിയിക്കും.
നെടുമ്പാശ്ശേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ്
ഹാജിമാരുടെ സൗകര്യാര്‍ഥം ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കോഴിക്കോട്, മലപ്പുറം, തലശ്ശേരി യൂനിറ്റുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ സര്‍വിസുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മലപ്പുറത്തുനിന്ന് രാവിലെ 9.30നും 11.30നും കോട്ടക്കല്‍-തൃശൂര്‍ വഴി നെടുമ്പാശ്ശേരിയിലേക്ക് സര്‍വിസ് നടത്തും. പൊന്നാനിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പ്രത്യേക സര്‍വിസ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.