പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ ശീതസമരം തുടരുന്നു

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരം തുടരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വിഷയങ്ങളും ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള വ്യഗ്രതയുമാണ് പ്രശ്നങ്ങള്‍ക്കാധാരം. ഇന്‍സ്പെക്ടര്‍മാരുടെ (സി.ഐ) സ്ഥലംമാറ്റത്തില്‍ ഇടപെടല്‍ നടത്തിയ പൊലീസ് ആസ്ഥാനത്തെ പ്രമുഖനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പരസ്യനിലപാടെടുത്തതോടെയാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമായത്. സ്ഥലംമാറ്റഫയലുകളില്‍ ഇടപെടരുതെന്ന് ബെഹ്റ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇദ്ദേഹത്തെ എത്രയുംവേഗം മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കുകയും ചെയ്തു. ഭരണകക്ഷിയുടെ താല്‍പര്യപ്രകാരം തയാറാക്കിയ സ്ഥലംമാറ്റപട്ടികയില്‍ പ്രമുഖന്‍ ഇടപെട്ട് തിരുത്തലുകള്‍ വരുത്തിയിരുന്നു. ചില സംഘടനകളുടെ ആവശ്യപ്രകാരം ഏതാനും മാറ്റങ്ങളും ഇങ്ങനെ നടന്നിരുന്നു.ഇതിനെതിരെ ഭരണാനുകൂലസംഘടനയുടെ വക്താക്കള്‍ രംഗത്തുവന്നതോടെയാണ് ബെഹ്റ നിലപാട് കടുപ്പിച്ചത്. പൊലീസ് ആസ്ഥാനത്ത് വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അനുവദിക്കരുതെന്നാണ് സംഘടനയുടെ ആവശ്യം.

അതേസമയം, പൊലീസ് ആസ്ഥാനത്തേക്ക് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. മനോജ് എബ്രഹാമുമായി വ്യക്തിബന്ധമുള്ളതിനാല്‍ പൊലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സാധിക്കുമെന്നും പൊലീസ് മേധാവി  കരുതുന്നു. ഇതിനുപിന്നിലും നിക്ഷിപ്തതാല്‍പര്യ ആക്ഷേപങ്ങള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ എം.ഡി എച്ച്. വെങ്കിടേഷിനെ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും എക്സൈസ് മന്ത്രി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനത്തെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് മുഖ്യമന്ത്രി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.