ഹജ്ജ്: കോഴിക്കോട്-നെടുമ്പാശ്ശേരി കെ.എസ്.ആര്‍.ടി.സി സര്‍വിസ് തുടങ്ങി

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഹജ്ജ് യാത്രക്കാര്‍ക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ ഒമ്പതരക്ക് എ.സി ലോ ഫ്ളോര്‍ ബസാണ് സര്‍വിസ് ആരംഭിച്ചത്.  സ്വകാര്യ ഓപറേറ്റര്‍മാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ മാന്യമായ നിരക്കില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ ഉദ്ദേശ്യമെന്നും 40 പേര്‍ ഒരുമിച്ച് യാത്ര ബുക്ക് ചെയ്യുകയാണെങ്കില്‍ പാനൂര്‍, വടകര, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനശേഷം ബസിലെ യാത്രക്കാര്‍ക്ക് യാത്രാമംഗളം നേരാനും മന്ത്രി മറന്നില്ല. ഞായറാഴ്ചത്തെ ആദ്യബസില്‍ കൊടുവള്ളിയില്‍നിന്നുള്ള 81കാരിയായ ആയിശയാണ് ഏറ്റവും മുതിര്‍ന്ന ഹജ്ജ് യാത്രിക. നിലവില്‍ രാവിലെ ഒമ്പതരക്കാണ് ടെര്‍മിനലില്‍നിന്ന് ബസ് തിരിക്കുന്നത്.

ഈ ബസ് രാവിലെ ഏഴിന് കല്‍പറ്റയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ബുധനാഴ്ച മുതല്‍ കോഴിക്കോടുനിന്ന് രാവിലെ ഒമ്പതിനും പത്തിനും രണ്ടു ബസുകള്‍ കൂടി സര്‍വിസ് തുടങ്ങും. 312 രൂപയാണ് ടിക്കറ്റ് നിരക്ക്. ടെര്‍മിനലിലെ റിസര്‍വേഷന്‍ കൗണ്ടറിലത്തെിയും കെ.എസ്.ആര്‍.ടി.സിയുടെ വെബ്സൈറ്റിലൂടെ (www.ksrtconline.com) ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍നിന്ന് പതിവുപോലെ നെടുമ്പാശ്ശേരിയിലേക്ക് ഹജ്ജ് ബസുകള്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്.
 ഫ്ളാഗ് ഓഫ് ചടങ്ങില്‍ പി.ടി.എ. റഹിം എം.എല്‍.എ അധ്യക്ഷതവഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി.വി. ലളിതപ്രഭ, കെ.എസ്.ആര്‍.ടി.സി സോണല്‍ മാനേജര്‍ മുഹമ്മദ് സഫറുള്ള, സി.കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.