സംസ്ഥാന ഹജ്ജ് ക്യാമ്പിന് പ്രാര്‍ഥനാനിര്‍ഭരമായ തുടക്കം

നെടുമ്പാശ്ശേരി: പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഉജ്ജ്വല തുടക്കം. ദൈവത്തിന്‍െറ ഏകത്വവും പരമാധികാരവും ആവര്‍ത്തിച്ച് പറഞ്ഞുറപ്പിച്ച ഹജ്ജ് തീര്‍ഥാടകര്‍ ഇഹ്റാം പ്രവേശത്തിന് ഒരുക്കം പൂര്‍ത്തിയാക്കി. വിശ്വാസജീവിതം സ്ഫുടംചെയ്യുകയെന്ന ലക്ഷ്യത്തോടെ 450 തീര്‍ഥാടകര്‍ തിങ്കളാഴ്ച പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും.

ജനപ്രതിനിധികളെയും വിവിധ സംഘടനാ നേതാക്കളെയും പണ്ഡിതരെയും തീര്‍ഥാടകരെയും കുടുംബാംഗങ്ങളെയും സാക്ഷിനിര്‍ത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 3.20ന് പറന്നുയരുന്ന സൗദി എയര്‍ലൈന്‍സിന്‍െറ എസ്.വി 5123 വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്ളാഗ്ഓഫ് ചെയ്യും.
ഞായറാഴ്ച രാവിലത്തെന്നെ തീര്‍ഥാടകര്‍ ക്യാമ്പില്‍ എത്തിത്തുടങ്ങി. ട്രെയിന്‍ മാര്‍ഗം എത്തുന്ന തീര്‍ഥാടകരെ വരവേല്‍ക്കാനും നെടുമ്പാശ്ശേരി വിമാനത്താവളത്തോടനുബന്ധിച്ചുള്ള ഹജ്ജ് ക്യാമ്പില്‍ എത്തിക്കാനും ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ഞായറാഴ്ച രാവിലെ മുതല്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനസജ്ജമായിരുന്നു. സ്ത്രീകളടങ്ങിയ തീര്‍ഥാടകരെ പ്രത്യേക ബസില്‍ വളന്‍റിയര്‍മാര്‍ ക്യാമ്പില്‍ എത്തിച്ചു. തീര്‍ഥാടകരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി സേവനമനസ്സോടെ ആയിരത്തോളം വളന്‍റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.സൗദി എയര്‍ ലൈന്‍സിന്‍െറ ജംബോ വിമാനങ്ങളിലാണ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് തിരിക്കുന്നത്. ബാഗേജ് ക്ളിയറന്‍സിനായി ക്യാമ്പില്‍ സൗദി എയര്‍ലൈന്‍സ് ആറ് കൗണ്ടറുകള്‍ തുറന്നു.

ഇത്തവണ തീര്‍ഥാടകരുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്താണിത്. 10,525 പേരാണ് ആദ്യ പട്ടികയിലുള്ളത്. കേരളത്തില്‍നിന്ന് 10,214 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 4,858 പുരുഷന്മാരും 5,356 സ്ത്രീകളുമാണ്. ലക്ഷദ്വീപില്‍നിന്ന് 285ഉം മാഹിയില്‍നിന്ന് 26ഉം പേരാണുള്ളത്. 70 വയസ്സിന്  മുകളിലുള്ളവരെയും നാലുവര്‍ഷം അപേക്ഷിച്ചിട്ടും അവസരം കിട്ടാത്തവരെയും നറുക്കെടുപ്പില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മൊത്തം 9,943 പേരാണ്.

തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്ത് മിക്ക ദിവസങ്ങളിലും രണ്ട് വിമാനം വീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ ഈ മാസം 31 വരെയാണിത്. തിങ്കളാഴ്ചയും സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയും ഓരോ വിമാനമാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.