ജിദ്ദ / നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലത്തെി. നൂറുകണക്കിന് നാവുകളില്‍ നിന്നുയര്‍ന്ന പ്രാര്‍ഥനകളേറ്റുവാങ്ങി തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം പുണ്യഭൂമിയിലേക്ക് തിരിച്ചത്. 450 ഹാജിമാരുമായാണ് 3.20 ഓടെ സൗദി എയര്‍ലൈന്‍സിന്‍െറ വിമാനം പറന്നുയര്‍ന്നത്. ഹജ്ജ് ചുമതല കൂടിയുള്ള മന്ത്രി കെ.ടി. ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്ത് വിമാനത്തെ യാത്രയാക്കി.
ഞായറാഴ്ച മുതല്‍ നെടുമ്പാശ്ശേരിയിലെ ക്യാമ്പില്‍ തമ്പടിച്ചിരുന്ന ഹാജിമാര്‍ തിങ്കളാഴ്ച രാവിലെ തന്നെ പ്രഭാതകൃത്യങ്ങളും നമസ്കാരവും നിര്‍വഹിച്ച് ഇഹ്റാം കെട്ടി യാത്രക്കായി ഒരുങ്ങിയിരുന്നു. പിന്നീട് ഓരോരുത്തരായി ക്യാമ്പില്‍ ഒരുക്കിയ പള്ളിയിലേക്കത്തെി. തസ്കിയത്ത് ചുമതലയുള്ള തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് സെല്‍ ക്രൈംബ്രാഞ്ച് എസ്. പി അബ്ദുല്‍ കരീം എന്നിവര്‍ തീര്‍ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ളുഹര്‍ നമസ്കാരത്തിനുശേഷം തൊട്ടടുത്ത് ഒരുക്കിയ പന്തലിലേക്ക് തീര്‍ഥാടകര്‍ എത്തി. ലബ്ബയ്ക്കല്ലാഹുമ്മ വിളികളാല്‍ അന്തരീക്ഷം മുഖരിതമായി. യുവാക്കളും മധ്യവയസ്കരും മുതിര്‍ന്നവരുമായ തീര്‍ഥാടകര്‍ ഒരേ മനസ്സോടെ ഒത്തുകൂടി. കുടുംബ സമേതം പോകുന്നവര്‍ ഒന്നിച്ചുതന്നെ സംഘത്തിനൊപ്പം ചേര്‍ന്നു. അതേസമയം കുട്ടികളായ തീര്‍ഥാടകരൊന്നും ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. 229 സ്ത്രീകളും 218 പുരുഷന്മാരുമടങ്ങുന്ന തീര്‍ഥാടകരാണ് ആദ്യ യാത്രാ സംഘത്തിലുള്ളത്. എല്ലാവരും എത്തിയെന്ന് ഉറപ്പുവരുത്തിയശേഷം ഉച്ചക്ക് ഒരു മണിയോടെ ഒരുക്കി നിര്‍ത്തിയിരുന്ന ബസുകളില്‍ കയറി. യാത്രയാക്കാന്‍ വന്ന ബന്ധുക്കളോട് വീണ്ടും യാത്ര പറഞ്ഞ് ഹാജിമാര്‍ വിമാനത്താവളത്തിലേക്ക് പോയി. ബന്ധുക്കള്‍ പ്രാര്‍ഥനയോടെ അവര്‍ക്ക് യാത്രാ മംഗളം ചൊല്ലി. തീര്‍ഥാടകര്‍ക്ക് പുറമെ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് റഊഫ്, അരീക്കോട് സ്വദേശി മുഹമ്മദ് റാഫി, ആലപ്പുഴ സ്വദേശി മുജീബ് റഹ്മാന്‍ എന്നിവര്‍ വളന്‍റിയര്‍മാരായി തീര്‍ഥാടകര്‍ക്കൊപ്പം തിരിച്ചു.
മന്ത്രിയുടെ ഫ്ളാഗ് ഓഫ് ചടങ്ങിനുശേഷം നേരത്തേ നിശ്ചയിച്ച പോലെ 3.20ന് ആദ്യ ഹജ്ജ് വിമാനം ഉയര്‍ന്നുപൊങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍, എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ. എം. ഷബീര്‍, ഓപറേഷന്‍സ് ഡി.ജി.എം. ദിനേഷ് കുമാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, കോഓഡിനേറ്റര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ച മുതല്‍ ആഗസ്റ്റ് 31 വരെ ദിവസം രണ്ട് ഹജ്ജ് വിമാനങ്ങളാണ് തീര്‍ഥാടകരെയും കൊണ്ട് ജിദ്ദയിലേക്ക് സര്‍വിസ് നടത്തുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹജ്ജ് യാത്ര അവസാനിക്കുന്ന അഞ്ചുവരെ ഒരു വിമാനം വീതമാകും ഉണ്ടാവുക. ഈ ദിവസങ്ങളിലായി ആകെ 24 സര്‍വിസുകളുണ്ടാവും. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമുള്ള വിമാനമൊഴികെയുള്ളവയെല്ലാം 450 പേരുമായാവും യാത്ര നടത്തുക. ചൊവ്വാഴ്ച ഉച്ചക്കുശേഷം തിരിക്കുന്ന വിമാനത്തില്‍ 300 പേരാണ് യാത്രക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.