ജി.എസ്.ടി ബില്‍: ഇടതു സര്‍ക്കാറിനെതിരെ കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വാഗതം ചെയ്ത ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ ഭരണഘടനയുടെ ഫെഡറല്‍ തത്ത്വത്തിനെതിരാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ കെ.എന്‍. ബാലഗോപാല്‍. അത് ഫെഡറലിസത്തിന്‍െറ മരണമണിയാണ് മുഴക്കുന്നതെന്നും ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ചരക്കുസേവന നികുതി ഫെഡറലിസത്തിന് ഭീഷണി’യെന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ജി.എസ്.ടി ബില്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവേയാണ് ഇതു സംബന്ധിച്ച പാര്‍ലമെന്‍റ് സെലക്ട് കമ്മിറ്റിയിലെ മുന്‍അംഗം കൂടിയായിരുന്ന ബാലഗോപാലിന്‍െറ മുന്നറിയിപ്പ്.

‘തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നികുതി തീരുമാനിക്കാനുള്ള അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ ഇടക്കിടെ പിച്ചച്ചട്ടിയുമായി കേന്ദ്രത്തിന്‍െറ അടുക്കല്‍ വരേണ്ടിവരും. ഇതാകട്ടെ, ബി.ജെ.പിയും സംഘ്പരിവാറും സ്വപ്നം കാണുന്ന ഒരു പ്രസിഡന്‍ഷ്യല്‍  ഭരണരീതിയിലേക്കോ സമഗ്രാധിപത്യ ഭരണത്തിലേക്കോ ആണ് എത്തിക്കുക. സംസ്ഥാന മൂല്യവര്‍ധിത നികുതി/വില്‍പന നികുതി, വിനോദ നികുതി (പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ഈടാക്കുന്നത് ഒഴികെ) കേന്ദ്ര വില്‍പന നികുതി, ഒക്ട്രോയ്, പ്രവേശ നികുതി, വാങ്ങല്‍ നികുതി, ചരക്കുസേവന വിതരണവുമായി ബന്ധപ്പെട്ട സംസ്ഥാന സെസ്, സര്‍ചാര്‍ജ് എന്നിവയെല്ലാം ജി.എസ്.ടി വിഴുങ്ങുന്നു. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, പ്രാദേശിക ഭരണസ്ഥാപനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.

നിര്‍ദിഷ്ട ജി.എസ്.ടി സമിതിയില്‍ കേന്ദ്രത്തിന് ജനാധിപത്യവിരുദ്ധമായ വീറ്റോ അധികാരമുണ്ട്. ഭാവിയില്‍ കേന്ദ്രം വിചാരിച്ചാല്‍ അല്ളെങ്കില്‍ സര്‍ക്കാറിന് താല്‍പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും വിചാരിച്ചാല്‍ മറ്റൊരു സംസ്ഥാനത്തിന്‍െറ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് നികുതിഘടന കൈകാര്യം ചെയ്യാനായേക്കും.’- ബാലഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.