കൊച്ചി: താന്‍ ചെയര്‍മാന്‍ ചുമതല വഹിച്ച കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് നിയമന നടപടികള്‍ ഇരട്ടിയാക്കിയെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുമ്പുള്ള അഞ്ചുവര്‍ഷത്തേക്കാള്‍ ഇരട്ടിയോളമാണ് പല രംഗത്തും നേട്ടം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ തസ്തികകളിലായി 4,398 വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. മുമ്പുള്ള അഞ്ച് വര്‍ഷം ഇത് 3,753 മാത്രമായിരുന്നു. 2,21,67,463 അപേക്ഷകളാണ് തന്‍െറ കാലയളവില്‍ ലഭിച്ചത്. മുന്‍ കാലയളവില്‍ ഇത് 1,47,70,941 ആയിരുന്നു. 2,783 പരീക്ഷകള്‍ നടത്തിയപ്പോള്‍ മുന്‍ കാലയളവില്‍ 1,019 പരീക്ഷകള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2,18,94, 065 ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 2006 -11 ല്‍ 1,29,47,405 പേരാണ് പരീക്ഷക്ക് ഹാജരായത്. കഴിഞ്ഞ അഞ്ചുവര്‍ഷം 3,489 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 2006 -11 ല്‍ 2,472 റാങ്ക്ലിസ്റ്റുകളാണ് പ്രസിദ്ധീകരിക്കാനായത്. ഇതുകൂടാതെ, ചരിത്രത്തില്‍ ആദ്യമായി പി.എസ്.സി. പരീക്ഷകള്‍ക്ക് സമഗ്രമായ സ്വന്തം സിലബസ് രൂപപ്പെടുത്തി.
27 വര്‍മായി ഒരു നടപടിയും സ്വീകരിക്കാതെ അനാഥമായി കിടന്ന 2015 വരെയുള്ള 3,146 എസ്.സി. / എസ്. ടി. ഒഴിവുകള്‍ പൂര്‍ണമായി നികത്താന്‍ നടപടികള്‍ സ്വീകരിച്ചു. ഇതില്‍ 2,038 പേര്‍ക്ക് അഡൈ്വസ് അയച്ചു. ബാക്കിയുള്ള 1,108 ഒഴിവുകളില്‍ രണ്ടെണ്ണത്തിന് ഉടന്‍ അഡൈ്വസ് അയക്കും. 1,106 ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച നടപടികള്‍ അവസാനഘട്ടത്തിലാണ്. അപേക്ഷകരായ സ്ത്രീകള്‍ക്ക് അവരവരുടെ താലൂക്കുകളില്‍ പി.എസ്.സി. പരീക്ഷയെഴുതാനുള്ള അവസരം നല്‍കി. അതത് ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. പി.എസ്.സി. പരീക്ഷകളും അനുബന്ധ ജോലികളും പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിച്ചു.ഉദ്യോഗാര്‍ഥികള്‍ക്ക് എസ്. എം. എസ്. അലര്‍ട്ടുകള്‍, ഇ-വേക്കന്‍സി റിപ്പോര്‍ട്ടിങ്, എം - ഗവേര്‍ണന്‍സ്, വ്യവഹാര പെന്‍ഡന്‍സി മോണിട്ടറിങ് സംവിധാനങ്ങള്‍, പെറ്റീഷന്‍സ് മാനേജ്മെന്‍റ് സിസ്റ്റം തുടങ്ങിയ ആധുനിക സേവനങ്ങള്‍ ലഭ്യമാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
ക്രീമിലെയര്‍ മാനദണ്ഡം ഫലപ്രദമാക്കണം –പി.എസ്.സി ചെയര്‍മാന്‍
കൊച്ചി: താഴത്തേട്ടിലുള്ള സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ നീതി കിട്ടണമെങ്കില്‍ ക്രീമിലെയര്‍ മാനദണ്ഡം കൂടുതല്‍ ശാസ്ത്രീയവും ഫലപ്രദവുമാക്കണമെന്ന് കേരള പബ്ളിക് സര്‍വിസ് കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ഇപ്പോള്‍ പി.എസ്.സി തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ മെയിന്‍ ലിസ്റ്റില്‍ സംവരണ വിഭാഗത്തില്‍പെട്ട നിരവധിപേര്‍ ഉള്‍പ്പെടുന്നുണ്ട്. ഇതുവഴി സംവരണ ക്വാട്ട നികന്നുപോകുന്നുമുണ്ട്. പക്ഷേ, സംവരണത്തിന്‍െറ ആനുകൂല്യത്തില്‍ നിയമനം നേടുന്നവരില്‍ ഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളില്‍ പദവികൊണ്ടും സമ്പത്തുകൊണ്ടും ഉയര്‍ന്നുനില്‍ക്കുന്നവരുടെ മക്കളാണ് എന്നാണ് വ്യക്തമാകുന്നത്. വലിയ സൗകര്യങ്ങളോടെ പഠിച്ചുവരുന്ന ഇത്തരക്കാരുടെ മക്കളോട് മത്സരിക്കാന്‍ പിന്നാക്ക വിഭാഗങ്ങളിലെ സാധാരണക്കാരുടെ മക്കള്‍ക്ക് കഴിയുന്നില്ല. സാമൂഹിക നീതി നടപ്പാകണമെങ്കില്‍ സാധാരണക്കാരുടെ മക്കള്‍ക്ക് കൂടുതല്‍ അവസരം കൈവരുന്ന രീതിയില്‍ സംവരണ ആനുകൂല്യം ഇവര്‍ക്ക് മാത്രമായി ചുരുക്കണം.
ഒക്ടോബര്‍ 31ന് പദവിയൊഴിയുന്ന കെ.എസ്. രാധാകൃഷ്ണന്‍, പി.എസ്.സി ചെയര്‍മാന്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടം വിവരിക്കുന്നതിന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സംവരണ ആനുകൂല്യം ലഭിക്കുന്നവരില്‍ പട്ടികവര്‍ഗ(എസ്.ടി) വിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ് ഇപ്പോഴും മത്സര പരീക്ഷകളില്‍ മുന്നോട്ടുവരാത്തത്. റിസര്‍വ് ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍മാരുടെ ഒഴിവുകളിലേക്ക് വനവാസികളെ കണ്ടത്തെുന്നതിന് പി.എസ്.സി അംഗങ്ങളും ജീവനക്കാരും രണ്ടാഴ്ച കാട്ടില്‍ തമ്പടിച്ച് ആദിവാസികളെ കണ്ടത്തെി അപേക്ഷ എഴുതി വാങ്ങി നിയമനം നടത്തി. 609 പേര്‍ക്കാണ് ഇങ്ങനെ നിയമനം നല്‍കിയത്. ഇപ്പോള്‍ തീരദേശ പൊലീസ് സേനയിലേക്ക് കടല്‍ അറിയുന്നവരെ കണ്ടത്തെുന്നതിനുള്ള നടപടികളെപ്പറ്റിയും സര്‍ക്കാര്‍ നിര്‍ദേശം തേടിയിട്ടുണ്ട്. അറബിയെ ലോക ഭാഷയായി കാണുന്നതിനു പകരം ഒരുവിഭാഗത്തിന്‍െറ ഭാഷയായി കണക്കാക്കി മിക്കവരും അത് പഠിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിനാല്‍ സംവരണ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച അറബി, ഉര്‍ദു അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.