ഐ.പി.എസ് ഉന്നതരില്‍ പടലപ്പിണക്കം: തച്ചങ്കരിക്കെതിരെ പരാതി നല്‍കുമെന്ന് ശ്രീലേഖ

തിരുവനന്തപുരം: ഒരിടവേളക്കുശേഷം ഐ.പി.എസ് ഉന്നതര്‍ക്കിടയില്‍ വീണ്ടും പടലപ്പിണക്കം. എ.ഡി.ജി.പിമാരായ ആര്‍. ശ്രീലേഖയും ടോമിന്‍ തച്ചങ്കരിയുമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. തന്നെ വ്യക്തിഹത്യനടത്താനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നെന്നാരോപിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ ഐ.പി.എസ് അസോസിയേഷന് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ശ്രീലേഖ.
ഇതിനുമുന്നോടിയായി അവര്‍ തച്ചങ്കരിക്കെതിരെ രൂക്ഷആരോപണങ്ങളുമായി ഫേസ്ബുക് പോസ്റ്റ് നടത്തി. ബസ് പെര്‍മിറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിജിലന്‍സ് കേസ് ഉണ്ടാക്കാന്‍ തച്ചങ്കരി ഗൂഢാലോചന നടത്തിയെന്ന് അവര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു. 1987 മുതല്‍ തച്ചങ്കരി തന്നെ വേട്ടയാടുന്നു. സര്‍വിസ് കാലയളവില്‍ പലപ്പോഴും തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനുപിന്നില്‍ തച്ചങ്കരിയാണ്. എന്തുപരാതി ലഭിച്ചാലും തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടും. ഇതുതിരിച്ചറിഞ്ഞാണ് തനിക്കെതിരെ പരാതിനല്‍കാന്‍ തച്ചങ്കരി ഒത്തുകളിച്ചത്.
 പരാതിയില്‍ ആരോപിക്കുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത് ഋഷിരാജ് സിങ്ങിന്‍െറ കാലത്താണ്. അതുകഴിഞ്ഞാണ് താന്‍ ട്രാന്‍സ്പോര്‍ട് കമീഷണറാകുന്നത്.
തച്ചങ്കരി കമീഷണറാകുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നത്. പരാതിക്കാരനെ സ്വാധീനിച്ച തച്ചങ്കരി, തനിക്കെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തച്ചങ്കരിയുടെ വേട്ടയാടല്‍ കാരണം താന്‍ നിത്യരോഗിയായെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, വിഷയത്തില്‍ ഐ.പി.എസ് അസോസിയേഷന്‍ ഇടപെടില്ളെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, ശ്രീലേഖയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തച്ചങ്കരി പ്രതികരിച്ചു. തനിക്ക് ആരോടും പകയില്ല. ആരെയും വേട്ടയാടിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
ഒരിടവേളക്കുശേഷം ഐ.പി.എസ് ഉന്നതര്‍ ഫേസ്ബുക്കിലൂടെ പോര്‍വിളി തുടങ്ങിയത് പൊലീസ് സേനയില്‍ സജീവ ചര്‍ച്ചയാവുകയാണ്.
പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ ഉയരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.