നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഉലഞ്ഞുനില്‍ക്കെ 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. സര്‍ക്കാറിനെതിരെ സഭക്കുള്ളിലും പുറത്തും പ്രതിപക്ഷം പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെയാണ് രാവിലെ ഒമ്പതിന് ഗവര്‍ണര്‍ പി. സദാശിവം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ ആറാമത്തെ നയപ്രഖ്യാപന പ്രസംഗം നടത്തുക.
നയപ്രഖ്യാപനപ്രസംഗം നടത്തുംമുമ്പ് കോടതി പരാമര്‍ശങ്ങള്‍ കണക്കിലെടുക്കണമെന്ന് ഗവര്‍ണറോട് പ്രതിപക്ഷം കഴിഞ്ഞ ദിവസം രാജ്ഭവനിലത്തെി ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാ ബാധ്യത നിറവേറ്റുമെന്നായിരുന്നു ഗവര്‍ണര്‍ പ്രതിപക്ഷത്തിന് നല്‍കിയ മറുപടി. സര്‍ക്കാറിനെതിരെ സഭയില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍തന്നെയാണ് പ്രതിപക്ഷം. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇതിന് മറുപടി പറയുക.  
ധനവകുപ്പിന്‍െറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാവും 12ന് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണവേളയിലും കടുത്ത പ്രതിഷേധം പ്രതിപക്ഷത്തുനിന്നും ഉണ്ടാവും. മാര്‍ച്ച് രണ്ടുവരെ 14 ദിവസമാണ് സഭ സമ്മേളിക്കുന്നത്. വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി സഭ പിരിയും.
സംസ്ഥാനത്തെ രാഷ്ട്രീയ ചൂട് പ്രതിഫലിക്കുന്നതാകും ബജറ്റ് സമ്മേളനം. സോളാറില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കുമെതിരെ സരിത  നടത്തിയ വെളിപ്പെടുത്തലുകള്‍,  മുഖ്യമന്ത്രിക്കുംആര്യാടനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധി, മന്ത്രിമാരായ രമേശ് ചെന്നിത്തലക്കും വി.എസ്.  ശിവകുമാറിനുമെതിരെ  ബിജു രമേശിന്‍െറ ആരോപണം, വിജിലന്‍സ് കോടതി വിധിയെ തുടര്‍ന്ന് രാജി പ്രഖ്യാപിക്കുകയും ഹൈകോടതി വിധിയെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത മന്ത്രി കെ. ബാബുവിന്‍െറ നിലപാട് എന്നിവയൊക്കെ  പ്രതിപക്ഷം ആയുധമാക്കും. സോളാര്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന നിലപാടിലുറച്ചാണ് ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.