കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിചേര്‍ക്കാനിടയാക്കിയ തെളിവുകള്‍ പ്രത്യേകം ചൂണ്ടിക്കാട്ടി കേസ് ഡയറി സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് ഹൈകോടതിയുടെ നിര്‍ദേശം. കോടതിസമയം കഴിഞ്ഞിട്ടും കാത്തിരുന്ന് വിളിച്ചു വരുത്തിയ കേസ് ഡയറിയടക്കമുള്ള രേഖകള്‍ പ്രാഥമികമായി പരിശോധിച്ച ശേഷമാണ് ജയരാജനുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രത്യേകം ചൂണ്ടിക്കാട്ടി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ആവശ്യപ്പെട്ടത്.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ വൈകിയ സി.ബി.ഐ നടപടിയില്‍ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. മുന്‍കൂര്‍ ജാമ്യ ഹരജിയിലെ വാദം വ്യാഴാഴ്ചയും തുടരാനായി കോടതി മാറ്റി. കേസ് പരിഗണനക്കത്തെും മുമ്പ് ഹരജിയുമായി ബന്ധപ്പെട്ട നിലപാട് സി.ബി.ഐ സത്യവാങ്മൂലമായി കോടതിക്ക് സമര്‍പ്പിച്ചിരുന്നു. കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും പി. ജയരാജനാണെന്ന് വ്യക്തമാക്കുന്ന വിശദീകരണമാണ് സി.ബി.ഐ നല്‍കിയത്. കൊലപാതക ആസൂത്രണത്തിലടക്കം ജയരാജന്‍െ പങ്കാളിത്തത്തിന് വ്യക്തമായ തെളിവുണ്ട്. ഭീതിതാന്തരീക്ഷമുണ്ടാക്കി നിയമം കൈയിലെടുത്തശേഷം ഇരയെ ആസൂത്രിതവും മൃഗീയവുമായി ഉന്മൂലനം ചെയ്യുകയാണ് പ്രതി ചെയ്തത്. ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതി പങ്കാളിയാണ്. മനോജ് വധക്കേസിലെ പ്രതിയുടെ ക്രൂരമായ ചെയ്തികള്‍ പുറത്തുവരാതിരിക്കാന്‍ അന്വേഷണം തടയാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം, തന്നോടുള്ള രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാനും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും അന്യായമായാണ് സി.ബി.ഐ തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് ജയരാജന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സി.ബി.ഐയോട് കേസ് ഡയറി അടക്കമുള്ള രേഖകള്‍ ഹൈകോടതി ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചുള്ള ആവശ്യത്തിനൊടുവില്‍ രേഖകളടങ്ങുന്ന പെട്ടി ഉദ്യോഗസ്ഥര്‍ കോടതിയിലത്തെിച്ചു. സ്ഥലത്തുണ്ടായിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ താക്കോലുമായി എത്തി പെട്ടി തുറന്ന് രേഖകള്‍ കൈമാറി. രേഖകളിലൂടെ കണ്ണോടിച്ചശേഷം കോടതി രേഖകള്‍ മടക്കി നല്‍കി. തുടര്‍ന്നാണ് ജയരാജനെതിരായ തെളിവുള്ള ഭാഗങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി കേസ് ഡയറി വ്യാഴാഴ്ച വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.