തിരുവനന്തപുരം: ടൈറ്റാനിയം കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എളമരം കരീം കേസ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കരീം ആരോപിച്ചു.
ടൈറ്റാനിയം അഴിമതി കേസിൽ എഫ്.െഎ.ആർ ഇടണമെന്ന് ഹൈകോടതി ഇതുവരെ നിർദേശിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ വിശദീകരിച്ചു. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഈ കേസിൽ പ്രതി സ്ഥാനത്തില്ല. ആർക്കുമെതിരെ കോടതി യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ടൈറ്റാനിയം കമ്പനിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഭയിൽ പറഞ്ഞു. 2006ൽ ആരോപണമുയർന്നിട്ടും കുറ്റക്കാരെ കണ്ടെത്താൻ ഇടതുസർക്കാർ മുതിർന്നില്ല. പദ്ധതിക്ക് തറക്കല്ലിട്ടത് എളമരം കരീമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ എൻ. ശക്തൻ അനുമതി നിഷേധിച്ചു. തുടർന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ, കെ. മുരളീധരനെതിരെ നടത്തിയ പരാമർശങ്ങൾ ഇരുവരും തമ്മിലുള്ള വാക്പോരിന് ഇടയാക്കി. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുപിടിച്ചതോടെ സ്പീക്കർ സഭാ നടപടികൾ താൽകാലികമായി നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.