ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടരുത് –വി.എസ്

തിരുവനന്തപുരം: ഫ്രെബ്രുവരി 28ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന് കാലാവധി നീട്ടിനല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കത്തയച്ചു.
 സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പാമോയില്‍ അഴിമതിക്കേസിലെ പ്രതിയായ ജിജി തോംസണിനെ ചീഫ് സെക്രട്ടറിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് താന്‍ നേരത്തേ പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധിയും കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറുകളും കാറ്റില്‍പ്പറത്തിയാണ് അദ്ദേഹത്തെ കഴിഞ്ഞ ആഗസ്റ്റില്‍ നിയമിച്ചത്. ഇപ്പോള്‍ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തില്‍ കാലാവധി നീട്ടാനുള്ള ശ്രമം അഴിമതിക്കാരായ മന്ത്രിമാര്‍ക്കും സര്‍ക്കാറിനും വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്.
അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ജിജി തോംസണ്‍ വിരമിച്ചശേഷവും ചീഫ് സെക്രട്ടറിയായി തുടര്‍ന്നാല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് അസാധ്യമാവും. ഇതു നാട്ടിലെ ജനാധിപത്യ പ്രക്രിയക്ക് കളങ്കമുണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.