എ.ജിയുടെ നിയമോപദേശം അംഗീകരിച്ചു; കാലിക്കറ്റില്‍ ലാസ്റ്റ്ഗ്രേഡ് നിയമനം ഉടന്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദമായ ലാസ്റ്റ്ഗ്രേഡ് നിയമനം നടത്താമെന്ന അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇന്‍റര്‍വ്യൂവില്‍ ക്രമക്കേട് നടന്നുവെന്ന മുന്‍ വി.സിയുടെ ആരോപണത്തില്‍ കഴമ്പില്ളെന്ന നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ നിയമനവുമായി മുന്നോട്ടുപോകാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

സിന്‍ഡിക്കേറ്റ് തീരുമാനം വന്നതോടെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തില്‍ 11 ദിവസമായി നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് സമരക്കാരെ വിളിച്ചുവരുത്തിയാണ് തീരുമാനം അറിയിച്ചത്. അസിസ്റ്റന്‍റ്, ലാസ്റ്റ്ഗ്രേഡ് നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്ന് മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ ആരോപണമാണ് വിവാദമായത്. ആരോപണം തള്ളി അസിസ്റ്റന്‍റ് നിയമനം നടത്തിയതോടെയാണ് ലാസ്റ്റ്ഗ്രേഡ് ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത്.

സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷംവരുന്ന ലീഗ് അംഗങ്ങള്‍ നിയമനകാര്യത്തില്‍ എ.ജിയുടെ നിയമോപദേശം തേടണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നതിന്‍െറ മണിക്കൂറുകള്‍ക്കുമുമ്പേ എ.ജിയില്‍നിന്ന് അനുകൂല ഉത്തരവും ഇവര്‍ സമ്പാദിച്ചു. 2005 ജൂണിലാണ് ലാസ്റ്റ്ഗ്രേഡ് നിയമനത്തിന് വിജ്ഞാപനം ക്ഷണിച്ചത്. പ്യൂണ്‍, വാച്മാന്‍ വിഭാഗങ്ങളിലായി 92 ഒഴിവുകളാണുള്ളത്.

സര്‍വകലാശാലാ കായിക പഠനവകുപ്പിന് കീഴില്‍ ബാഡ്മിന്‍റണ്‍ അക്കാദമി സ്ഥാപിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ലൈഫ് സയന്‍സ് പഠനവകുപ്പിലെ എം.ഫില്‍ ഫിസിയോളജി സീറ്റ് രണ്ടായി വര്‍ധിപ്പിച്ചു. റഷ്യന്‍ പഠനവകുപ്പില്‍ പ്രഫിഷന്‍സി ഇന്‍ കമ്യൂണിക്കേറ്റിവ് റഷ്യനില്‍ ഹ്രസ്വകാല കോഴ്സ് തുടങ്ങും.
സായിയുടെ നിര്‍ദിഷ്ട ഫുട്ബാള്‍ അക്കാദമിക്ക് സ്ഥലം നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സ്പോര്‍ട്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചുമായും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍സ് തിരുവനന്തപുരവുമായും വിവിധ പ്രോജക്ടുകള്‍ക്ക് ധാരണപത്രം ഒപ്പുവെക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.