ഡി.ജി.പിക്കെതിരെ ആഞ്ഞടിച്ച്  ആഭ്യന്തരമന്ത്രിക്ക് എസ്.പിയുടെ കത്ത് 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കെതിരെ രൂക്ഷവിമര്‍ശങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് എസ്.പിയുടെ കത്ത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ എസ്.പി വി. ഗോപാല്‍ കൃഷ്ണനാണ് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ നടത്തുന്ന വ്യക്തിഹത്യക്കെതിരെ കത്തെഴുതിയത്.   18 വര്‍ഷമായി തന്നെ വേട്ടയാടുന്ന സെന്‍കുമാര്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്മേല്‍ കള്ളക്കേസുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുന്നെന്നും ഗോപാല്‍ കൃഷ്ണന്‍ കത്തില്‍ ആരോപിക്കുന്നു.  സെന്‍കുമാറിന്‍െറ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ മന്ത്രി ഇടപെടണമെന്നും ഇല്ലാത്തപക്ഷം സേനയില്‍ ഇതുവരെ നടക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. 1999ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തിനിടെ, രോഗികളെ തല്ലിയ ഡോക്ടര്‍മാരെ താന്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഡോക്ടര്‍മാരിലൊരാള്‍ തനിക്കെതിരെ സെന്‍കുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. തന്‍െറ മര്‍ദനത്തില്‍ ഡോക്ടറുടെ വൃക്ക തകരാറിലായെന്ന് കേസ് കൊടുത്തു. എന്നാല്‍, ഇതു കളവാണെന്ന് മുന്‍ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. 

കേസ് ബലക്കാന്‍ ഡോക്ടര്‍ വ്യാജരേഖകളുണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ വിചാരണ തുടങ്ങിയിട്ടില്ല. ഇതേ വിഷയത്തില്‍ ഡോക്ടര്‍ തനിക്കെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ വ്യാജപരാതി നല്‍കി. ഇതന്വേഷിച്ചുവരുകയാണ്. കേസ് പ്രതികൂലമാകുമെന്നുകണ്ട ഡോക്ടര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് പരാതി നല്‍കി. കേസിനെക്കുറിച്ച് ധാരണയില്ലാത്ത നളിനി നെറ്റോ ഇത് ഡി.ജി.പിക്ക് കൈമാറി. പരാതിയില്‍ തനിക്കെതിരെ കേസെടുക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിനെ സെന്‍കുമാര്‍ നിര്‍ബന്ധിക്കുകയാണ്. 

താന്‍ അന്വേഷിച്ച രാജന്‍കാണി വധക്കേസ് സെന്‍കുമാറും മുന്‍ ഡി.ജി.പി സിബി മാത്യൂസും ചേര്‍ന്നാണ് അട്ടിമറിച്ചത്. ഇതിനെതിരെ പരസ്യനിലപാടെടുത്തതു മുതല്‍ സെന്‍കുമാറിന് തന്നോട് വിരോധമാണ്. സെന്‍കുമാറിനെതിരെ 18 ഓളം കേസുകള്‍ ഫയല്‍ചെയ്തിട്ടുണ്ട്. എല്ലാം അട്ടിമറിക്കപ്പെട്ടു.കേരള പൊലീസ് അസോസിയേഷന്‍ നേതാവ് ജി.ആര്‍. അജിത്തിനെകൊണ്ട് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. സെന്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അപേക്ഷ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ നിരസിച്ചു. തന്‍െറ നിലപാട് വ്യക്തമാക്കുന്നതിനു വാര്‍ത്താസമ്മേളനം നടത്താന്‍ അനുവാദം ചോദിച്ചപ്പോള്‍ നിരസിച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഗോപാല്‍ കൃഷ്ണന്‍ കത്തില്‍ പറയുന്നു. 

ആരോപണം അടിസ്ഥാനരഹിതമെന്ന്
തിരുവനന്തപുരം: എസ്.പി വി. ഗോപാല്‍ കൃഷ്ണന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഗോപാല്‍ കൃഷ്ണനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്‍െറ ആരോപണങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ളെന്നും സെന്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.