കാലിക്കറ്റിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷത്തിനും അവസരം നഷ്ടമായി

കൊച്ചി: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ എല്‍.എല്‍.ബി പരീക്ഷാഫലം വൈകിയതുമൂലം നിരവധി വിദ്യാര്‍ഥികള്‍ക്ക് അഭിഭാഷകരായി എന്‍റോള്‍ ചെയ്യാനുള്ള അവസരം നഷ്ടമായി. കാലിക്കറ്റിന് കീഴിലുള്ള രണ്ട് ലോ കോളജുകളില്‍നിന്ന് എല്‍.എല്‍.ബി പാസായവരില്‍ 15 ശതമാനം പേര്‍ക്ക് മാത്രമാണ് ഞായറാഴ്ച കൊച്ചിയില്‍ നടന്ന എന്‍റോള്‍മെന്‍റില്‍ പങ്കെടുക്കാനായത്. വ്യാഴാഴ്ച വൈകീട്ടാണ് കാലിക്കറ്റിന്‍െറ എല്‍.എല്‍.ബി അവസാന സെമസ്റ്റര്‍ പരീക്ഷാഫലം വന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു എന്‍റോള്‍മെന്‍റിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സമയപരിധി.
ഈ സമയത്തിനുള്ളില്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ച് എന്‍റോള്‍മെന്‍റിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം രാത്രി 12 വരെ ബാര്‍ കൗണ്‍സില്‍ നീട്ടിനല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്സിറ്റി ആസ്ഥാനത്തത്തെി സര്‍ട്ടിഫിക്കറ്റ് വാങ്ങി ഫീസടച്ച് എന്‍റോള്‍ ചെയ്യാനും ഗൗണ്‍ സംഘടിപ്പിക്കാനും വേണ്ടത്ര സമയം ഇല്ലായിരുന്നു.
 കഷ്ടപ്പെട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഫീസ് തുക ബാങ്കിലടച്ച് അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാണ് ഞായറാഴ്ച എന്‍േറാള്‍ ചെയ്യാന്‍ സാധിച്ചത്. പതിനായിരം രൂപ എന്‍റോള്‍മെന്‍റ്  ഫീസിന് പുറമെ എണ്ണായിരം രൂപ പിഴതുകയുമടച്ചാണ് ഇവര്‍ എന്‍റോള്‍ ചെയ്തത്. അവസരം നഷ്ടമായവര്‍ക്ക് ഏപ്രില്‍ 10ന് നടക്കുന്ന അടുത്ത എന്‍റോള്‍മെന്‍റില്‍ സന്നദ് എടുക്കാന്‍ കഴിയുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
ഇനിയും വൈകുമായിരുന്ന കാലിക്കറ്റിന്‍െറ എല്‍.എല്‍.ബി ഫലം ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് 25ന് പ്രഖ്യാപിച്ചത്. അതേസമയം, എം.ജി സര്‍വകലാശാലയിലെ എല്‍.എല്‍.ബി ക്രിമിനോളജി കോഴ്സിന് ബാര്‍ കൗണ്‍സില്‍ അംഗീകാരം നല്‍കാത്തതില്‍ ചടങ്ങില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചു. ബി.എ ക്രിമിനോളജി  വിഷയത്തില്‍ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സ് പഠിക്കുന്ന എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികളാണ് ചടങ്ങ് നടന്ന ഫൈന്‍ ആര്‍ട്സ് ഹാളിന് മുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.