സര്‍ക്കാറിന്‍െറ വിലനിയന്ത്രണം പാളി; അവശ്യസാധനങ്ങള്‍ക്ക് തോന്നിയ വില

കൊച്ചി: സര്‍ക്കാറിന്‍െറ വിലനിയന്ത്രണം പാളുന്നു. വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് തോന്നുന്ന വിലയാണ് ഈടാക്കുന്നത്. മൊത്തവിലയുടെ ഇരട്ടിവരെ ഈടാക്കുന്നവരുണ്ട്. സംസ്ഥാനത്ത് വ്യാപിച്ചുവരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഇക്കാര്യത്തില്‍ പിന്നിലല്ല. കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സുരേഖ അരിക്ക് 29 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിലെ മൊത്തവില. വിവിധ കടകളില്‍ ഇതിന് 32 മുതല്‍ 35 രൂപവരെ ചില്ലറവില ഈടാക്കുമ്പോള്‍, ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അവര്‍തന്നെ പാക്ക് ചെയ്ത് വില്‍ക്കുന്നത് കിലോക്ക് 41 രൂപവരെ നിരക്കിലാണ്. മൊത്തവിലയേക്കാള്‍ കിലോക്ക് 11-12 രൂപവരെ ലാഭം ഈടാക്കിയാണ് വില്‍പന. പഞ്ചസാര, പരിപ്പ്, ചെറുപയര്‍ തുടങ്ങിയവക്കും പല കടകളിലും കൊള്ളവിലയാണ് ഈടാക്കുന്നത്.

ചെറുപയര്‍ മൊത്തവിപണിയില്‍ 90-95 രൂപ എന്നനിലയിലാണെങ്കില്‍, ഇത് സ്വന്തംനിലക്ക് പാക്ക് ചെയ്ത് കടകളുടെ ഷെല്‍ഫുകളിലത്തെുമ്പോള്‍ അരക്കിലോ പാക്കിന് 80 രൂപ വരെയാണ് ഈടാക്കുന്നത്. മൊത്തവിലയേക്കാള്‍ 70 രൂപവരെ കൂടുതല്‍! കടല, പരിപ്പ് തുടങ്ങിയവക്കും ഈ വിലവ്യത്യാസം പ്രകടമാണ്.

വെളിച്ചെണ്ണക്കും പല ബ്രാന്‍ഡുകളും തോന്നിയ വിലയാണ് ഈടാക്കുന്നത്. മൊത്തവിപണിയില്‍ കിലോക്ക് 99 രൂപയുള്ളപ്പോള്‍ കുപ്പിയിലാക്കി ബ്രാന്‍ഡ്ചെയ്ത് വരുമ്പോള്‍ ലിറ്ററിന് 160 രൂപയും അതിലധികവുമാണ് ഈടാക്കുന്നത്. ഉള്ളിവില വര്‍ധിച്ചപ്പോള്‍ ഇതും മുതലാക്കാന്‍ പലരും രംഗത്തത്തെിയിരുന്നു. നിലവില്‍ ആവശ്യമായ ഉണക്കുള്ള ഒന്നാം ഗ്രേഡ് ഉള്ളിക്ക് 75ഉം പച്ച ഉള്ളിക്ക് 45ഉം രൂപയാണ് മൊത്തവില. ചില്ലറ വിപണിയിലാകട്ടെ ഗ്രേഡൊന്നും നോക്കാതെ ഉള്ളിക്ക് കിലോക്ക് 80 രൂപ മുതല്‍ 95 രൂപവരെയാണ് ഈടാക്കുന്നത്. മൊത്തവിപണിയില്‍ 25 രൂപയുള്ള സവാള ചില്ലറവിപണിയില്‍ 30 രൂപക്ക് ലഭ്യമാണെങ്കിലും പല കടകളിലും ഇതിന് 40 രൂപ വരെ ഈടാക്കുന്നുണ്ട്.

തമിഴ്നാട്ടിലെ വെള്ളപ്പൊക്കത്തിന്‍െറ മറവിലും പലരും പച്ചക്കറി വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, കാരറ്റ്, തക്കാളി എന്നിവക്ക് മാത്രമാണ് ഇപ്പോള്‍ വിലവര്‍ധന അനുഭവപ്പെടുന്നതെന്നും മറ്റിനങ്ങള്‍ക്ക് ഇപ്പോഴും വില കുറഞ്ഞുനില്‍ക്കുകയാണെന്നും മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മൊത്തവിപണിയില്‍ കാരറ്റിന് 70 രൂപയും തക്കാളിക്ക് 50 രൂപയുമാണ് കിലോ വില.

പൊതുവിപണിയില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാറിന്‍െറ ഭക്ഷ്യവകുപ്പ്, സഹകരണ വകുപ്പ്, കൃഷിവകുപ്പ് എന്നിവക്ക് കീഴില്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍, ഓണം, വിഷു, പെരുന്നാള്‍ പോലുള്ള ആഘോഷാവസരങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ കാര്യമായ വിപണി ഇടപെടല്‍ നടത്തുന്നത്. അവശ്യവസ്തുക്കളുടെ വിലനിലവാരം പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്ന കാര്യത്തില്‍ ഭക്ഷ്യവകുപ്പും വേണ്ടത്ര ജാഗ്രത പാലിക്കാറില്ല.

ഹോട്ടലുകളില്‍ വില ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കച്ചവടക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി. അതിന് പിന്നാലെയാണ് അവശ്യസാധന വില നിയന്ത്രണവും പാളിയത്. ഇതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുത്തനെ കൂടിയിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.