ന്യൂഡല്‍ഹി: സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഭരണഘടനാപരമായ അവകാശമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെ എന്ന് ചോദിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജി ഭരണഘടനാനുസൃതമായി തീര്‍പ്പാക്കുമെന്നും വ്യക്തമാക്കി. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയത് ഭരണഘടനാലംഘനമാണെന്നു കാണിച്ച് കേരളത്തിലെ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി സുപ്രധാനമായ അഭിപ്രായ പ്രകടനം നടത്തിയത്. 1991ല്‍ ഹൈകോടതി സ്ത്രീകളുടെ ശബരിമല പ്രവേശത്തിനെതിരെ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാണ് യങ് ലോയേഴ്സ് അസോസിയേഷന്‍െറ ആവശ്യം.
ഒരു ക്ഷേത്രവും മഠവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ക്ഷേത്ര പ്രവേശത്തിന്‍െറ കാര്യത്തില്‍ തരംതിരിവ് പറ്റില്ല. സ്ത്രീകള്‍ ശബരിമലയിലേക്ക് വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നോ, പൂജ ചെയ്തിരുന്നോ എന്നെല്ലാം ആരറിഞ്ഞു? ഭരണഘടനാപരമായ അവകാശമില്ലാത്തിടത്തോളം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ളെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. സ്ത്രീകള്‍ വേദം ചൊല്ലാന്‍ പാടില്ളെന്ന് വായിച്ചതോര്‍ക്കുന്നുവെന്നുപറഞ്ഞ ജസ്റ്റിസ് ദീപക് മിശ്ര എന്തുകൊണ്ട് സ്ത്രീകള്‍ക്ക് വേദം ചൊല്ലിക്കൂടാ എന്നും ചോദിച്ചു.
ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ.കെ. വേണുഗോപാല്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. പ്രത്യേക കാലയളവില്‍ മാത്രം തുറക്കുന്ന 30 ദശലക്ഷം തീര്‍ഥാടകര്‍ വരുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശബരിമല. വാവര് പള്ളി കൂടി ഉള്‍പ്പെടുന്ന സമുച്ചയമാണിത്. മുസ്ലിം പള്ളിയിലെ പുരോഹിതനായിരുന്ന വാവര് അയ്യപ്പന്‍െറ ഭക്തനായി മാറിയതുകൊണ്ടാണ് വാവര് പള്ളിയും ശബരിമലയുടെ ഭാഗമായത്. തുടര്‍ച്ചയായി 41 ദിവസത്തെ വ്രതം എടുത്താണ് പുരുഷന്മാര്‍ ശബരിമലയില്‍ പോകുന്നതെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതിയില്ലാത്തതെന്നും അത്രയും കാലയളവിനിടയിലെ ആര്‍ത്തവനാളുകളെക്കുറിച്ച് സൂചന നല്‍കി അഡ്വ. വേണുഗോപാല്‍ വാദിച്ചു. എന്നാല്‍, വിഷയത്തില്‍ ഭരണഘടന അനുസരിച്ചായിരിക്കും തങ്ങള്‍ തീര്‍പ്പ് കല്‍പിക്കുകയെന്നായിരുന്നു ഇതിന് സുപ്രീംകോടതിയുടെ മറുപടി. ശബരിമലയില്‍ തുടര്‍ന്നുവരുന്ന ആചാരമാണിതെന്ന് ഭക്തരെന്ന നിലയില്‍ കേസില്‍ കക്ഷിചേര്‍ന്ന അയ്യപ്പസേവാസമിതി വാദിച്ചെങ്കിലും ആചാരത്തിന്‍െറ പേരില്‍ ഭരണഘടനാപരമായ അവകാശം തടയാനാവില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. അതേസമയം, വിലക്ക് ശരിവെച്ച വിധിയിലും സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന അഭിപ്രായം ഹൈകോടതി പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു. ജനുവരി 18ന് വീണ്ടും വാദം കേള്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.