കേന്ദ്ര പരിഷ്കാരം; ഏഴുമാസത്തിനിടെ വിദേശത്തുപോയത് 869 നഴ്സുമാര്‍ മാത്രം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ പരിഷ്കാരങ്ങള്‍ മൂലം ഏഴുമാസത്തിനിടെ വിദേശത്തേക്ക് പോയ നഴ്സുമാരുടെ എണ്ണം 869 ആയി ചുരുങ്ങി. പ്രതിമാസം ആയിരത്തിലധികം നഴ്സുമാര്‍ക്ക് വിദേശരാജ്യങ്ങളിലും മറ്റും ലഭിച്ചിരുന്ന അവസരങ്ങളാണ് ഇല്ലാതായത്. ഏഴുമാസത്തിനിടെ മൂന്ന് രാജ്യങ്ങളില്‍നിന്ന് 19 ആവശ്യക്കാര്‍ മാത്രമാണ് ഉദ്യോഗാര്‍ഥികളെ തേടിയത്തെിയത്. സൗദിയിലേക്ക് 217ഉം യു.എ.ഇയിലേക്ക് 502ഉം ഒമാനിലേക്ക് 150ഉം പേര്‍ക്ക്  തൊഴില്‍ വിസ ലഭിച്ചു. ഇന്ത്യയില്‍നിന്ന് നഴ്സുമാരെ ലഭിക്കാനുള്ള നടപടികള്‍ സങ്കീര്‍ണമായതോടെ  തൊഴിലുടമകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ പരിഷ്കരിച്ചത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ്. റിക്രൂട്ട്മെന്‍റ് നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുവൈത്ത് അംബാസഡര്‍ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറാകട്ടെ ഉത്തരവിറക്കിയതല്ലാതെ മറ്റ് നടപടികളിലേക്കൊന്നും കടന്നില്ളെന്നും അദ്ദേഹം പറഞ്ഞു. 2015 മേയ് 30നാണ് 18 രാജ്യങ്ങളിലേക്കുള്ള നഴ്സിങ് ജോലിക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് കേന്ദ്രം നിര്‍ബന്ധമാക്കിയത്.
ഒപ്പം നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് നടപടികള്‍ എംബസി വഴിയാക്കുകയും ചെയ്തു. നഴ്സുമാരെ ആവശ്യമുള്ള വിദേശ ആശുപത്രികള്‍ അക്കാര്യം ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും അവര്‍ കേരളത്തിലെ നോര്‍ക്ക, ഒഡേപെക് എന്നീ ഏജന്‍സികളെ നഴ്സുമാരെ തെരഞ്ഞെടുക്കാന്‍  ചുമതലപ്പെടുത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു പരിഷ്കാരം.
റിക്രൂട്ടിങ് രംഗത്തെ സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തില്‍നിന്ന് ഉദ്യോഗാര്‍ഥികളെ രക്ഷിക്കാനുള്ള നടപടിയായി ഇത് പ്രകീര്‍ത്തിക്കപ്പെട്ടെങ്കിലും മുന്നൊരുക്കമില്ലാതെയായിരുന്നു പരിഷ്കാരം. തുടര്‍നടപടികളും ഇല്ലാതെ പോയതോടെ ഏറ്റവും കൂടുതല്‍ നഴ്സുമാരെ വിദേശത്തേക്ക് അയക്കുന്ന കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.