തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല ദർശന വിഷയത്തിൽ ഭക്തർക്ക് അനുകൂലമായ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശബരിമല ദർശനത്തിന് സ്ത്രീകൾക്ക് വിലക്കില്ല. എന്നാൽ, പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പാരമ്പര്യവും ആചാരങ്ങളും അനുസരിച്ചാണ് ശബരിമലയിലെ പ്രവർത്തനങ്ങളെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വിഷയത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്താത്ത നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ വശങ്ങൾ പരിശോധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയിലെ കേസിൽ ദേവസ്വം ബോർഡ് കക്ഷി ചേരുമെന്ന് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. അയ്യപ്പന്മാരുടെ വികാരങ്ങൾ കോടതിയെ അറിയിക്കും. ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കേണ്ടത് ദേവസ്വം ബോർഡിന്‍റെ കടമയാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഭരണഘടനാപരമായ അവകാശമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് കേരളത്തിലെ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്‍റെ നിരീക്ഷണം.
1991ല്‍ ഹൈകോടതി സ്ത്രീകളുടെ ശബരിമല പ്രവേശത്തിനെതിരെ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.