ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്ന് വേണമെന്ന് ഹജ്ജ് കമ്മിറ്റി

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്ന് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര്‍. ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്‍റാണെങ്കിലും റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ മുന്‍വര്‍ഷത്തെ പോലെ സര്‍വീസ് അവസാന നിമിഷം നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരെ സമീപിക്കും. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഉടന്‍ നിവേദനം നല്‍കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് അപേക്ഷ ഫോറ വിതരണവും സ്വീകരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റുകളിലേയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് മദ്റസ അധ്യാപക ക്ഷേമനിധി ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷകളെടുക്കാം. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കും.
ഹജ്ജ് വേളയില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് ആവശ്യമുള്ളവര്‍ ടിക്ക് ചെയ്താല്‍ മതി. അപേക്ഷയോടൊപ്പം മുന്‍ വര്‍ഷത്തെപ്പേലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. പകരം ബ്ളഡ് ഗ്രൂപ്പ് എഴുതിയാല്‍ മതി. അപേക്ഷകള്‍ ഹജ്ജ് ട്രെയ്നര്‍മാരുടെ സഹായത്തോടെ പൂരിപ്പിക്കാം. ഇതിനായി 310പേരെ നിയോഗിച്ചിട്ടുണ്ട്. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും നേരിട്ട് അവസരം ലഭിക്കും. കൂടാതെ അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചേക്കും.
യോഗത്തില്‍ ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ശരീഫ് മണിയാട്ടുകുടി, അഹമ്മദ് മൂപ്പന്‍, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, സി.എച്ച്. അഹമ്മദ് ചായിന്‍റടി, മുഹമ്മദ് മോന്‍ ഹാജി, ഹജ്ജ് അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.