തൃശൂര്‍: ധനലക്ഷ്മി ബാങ്കിലെ സീനിയര്‍ മാനേജര്‍ പി.വി. മോഹനനെ മാനേജ്മെന്‍റ് ഏകപക്ഷീയമായി പിരിച്ചു വിട്ടതിനത്തെുടര്‍ന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് നിശ്ചയിച്ച ചര്‍ച്ചയില്‍നിന്ന് ബാങ്ക് അവസാന നിമിഷം പിന്മാറി. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ ഒന്നും പറയാനാവില്ളെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ അര്‍ഥമില്ളെന്നും ബാങ്ക് മാനേജ്മെന്‍റ് സര്‍ക്കാറിനെ അറിയിച്ചു. ഇക്കാര്യം ട്രേഡ് യൂനിയന്‍ നേതാക്കളെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടാണ് സര്‍ക്കാറിന്‍െറ അറിയിപ്പ് ലഭിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റ് ട്രേഡ് യൂനിയന്‍ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇദ്ദേഹത്തിന് പുറമെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ബാങ്ക് മാനേജ്മെന്‍റ് പ്രതിനിധികളും ബാങ്കിലെ സംഘടനാ നേതാക്കളും പങ്കെടുക്കുമെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്‍റായ പി.വി. മോഹനനെ അകാരണമായി പിരിച്ചുവിട്ടത്. ഇതിനെതിരെ മോഹനന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിക്ക് ബാങ്ക് നല്‍കിയ മറുപടിയില്‍ സേവനം ആവശ്യമില്ളെങ്കില്‍ ഏത് ഓഫിസറെയും പിരിച്ചുവിടാന്‍ ബാങ്കിന് അധികാരമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാറും ട്രേഡ് യൂനിയനുകളുമായുള്ള ചര്‍ച്ചയില്‍ പ്രതിസ്ഥാനത്താകുമെന്ന ആശങ്കയാകാം പിന്മാറ്റത്തിന് കാരണമെന്ന് കരുതുന്നതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. ജൂലൈയില്‍ എളമരം കരീം, ആര്‍. ചന്ദ്രശേഖരന്‍, കെ.പി. രാജേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി വിളിച്ച ചര്‍ച്ചയിലാണ് ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍െറ 33 ദിവസത്തെ പണിമുടക്ക് പിന്‍വലിച്ചത്. മോഹനന്‍െറ പിരിച്ചുവിടല്‍ അവധിയാക്കി മാറ്റണമെന്നും രണ്ട് മാസത്തിനു ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഏഴ് മാസമായിട്ടും ഇതൊന്നും നടപ്പാവാത്ത സാഹചര്യത്തില്‍ ഈമാസം ഒന്ന് മുതല്‍ സമര സഹായസമിതി പ്രക്ഷോഭത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.