സുപ്രീംകോടതിയില്‍ അഭിഭാഷക ഫീസ് താങ്ങാനാവില്ളെന്ന് വി.എസ്, വാങ്ങാത്തവരുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

കൊച്ചി: കേസ് നടത്താന്‍ തന്നോടുപോലും അഭിഭാഷക ഫീസായി 60 ലക്ഷം ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വി.എസ്്. അച്യുതാനന്ദന്‍െറ ആശങ്ക പരിഹരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. കേരള ബാര്‍ കൗണ്‍സില്‍ ആരംഭിക്കുന്ന തുടര്‍ നിയമവിദ്യാഭാസ പദ്ധതി എം.കെ. നമ്പ്യാര്‍ അക്കാദമിയുടെ ഹൈകോടതയില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ വി.എസിന്‍െറ പരാമര്‍ശത്തിന് അതേ ചടങ്ങില്‍ ഉദ്ഘാടകനായ ചീഫ് ജസ്റ്റിസ് മറുപടി നല്‍കുകയായിരുന്നു.
സുപ്രീംകോടതിയില്‍ 60 ലക്ഷവും ഒരു കോടിയുമെല്ലാം ഫീസ് വാങ്ങുന്ന അഭിഭാഷകരുണ്ട്. എന്നാല്‍, പാവപ്പെട്ടവരുടെ കേസുകള്‍ ഏറ്റെടുക്കുന്ന അഭിഭാഷകരും നിയമസഹായ സംവിധാനങ്ങളും സുപ്രീംകോടതിയലുണ്ടെന്ന് ജസ്റ്റിസ് ഠാക്കൂര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങള്‍ പലരും അറിയുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന വി.എസ് അഭിഭാഷകരുടെ ഫീസ് സാധാരണക്കാര്‍ക്കുകൂടി താങ്ങാന്‍ കഴിയുന്നവിധം ആക്കാമോയെന്ന് ചിന്തിക്കണമെന്നും സുപ്രീംകോടതിയില്‍ ഒരേ അഭിഭാഷകനെ വെച്ച് കേസ് നടത്താന്‍ നമ്മുടെ രാജ്യത്ത് എത്ര പൗരന്മാര്‍ക്ക് കഴിയുമെന്ന് ആലോചിക്കണമെന്നുമാണ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. താന്‍ തന്നെ പൊതുപ്രാധാന്യമുള്ള ഒരു കേസിന്‍െറ നടത്തിപ്പിന് ഏറെ പ്രഗല്ഭനായ സുപ്രീംകോടതി അഭിഭാഷകനെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞ ഫീസ് 60 ലക്ഷമായിരുന്നു.
കനത്ത ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്കാണ് പലപ്പോഴും കോടതി കൂടുതല്‍ പരിഗണന നല്‍കുന്നതായി കണ്ടുവരുന്നതെന്നും വി.എസ് പറഞ്ഞു. ജൂനിയര്‍ അഭിഭാഷകര്‍ എത്ര കഷ്ടപ്പെട്ട് പഠിച്ച് സമര്‍ഥമായി കേസ് വാദിച്ചാലും ഒരു സീനിയര്‍ അഭിഭാഷകന് ലഭിക്കുന്ന പരിഗണന കോടതികളില്‍നിന്ന് കിട്ടാറില്ളെന്ന് പരാതിയുണ്ട്. ഇത് വലിയ വൈരുധ്യവും നീതിനിര്‍വഹണത്തിലെ ദുരന്തവുമാണെന്നും തുടര്‍ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തില്‍ സംസാരിച്ച വി.എസിന്‍െറ വാക്കുകള്‍ ഉദ്ധരിച്ച് തന്നെയാണ് ശിലാസ്ഥാപനം നിര്‍വഹിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ മറുപടി നല്‍കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.