പൊലീസുകാരെ അടിക്കടി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണം –ഡി.ജി.പി


തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും സ്ഥലംമാറ്റ ഭീഷണി നേരിടുന്നു. എസ്.ഐ റാങ്കിലെ ഉദ്യോഗസ്ഥന്‍െറ സേവനം തുടര്‍ച്ചയായ രണ്ടുവര്‍ഷമെങ്കിലും ഒരു സ്റ്റേഷനില്‍ ലഭ്യമാക്കണം. നിലവില്‍ പല കാരണങ്ങളാല്‍ ഇത് സാധ്യമാകുന്നില്ല. ഇത് മറികടക്കാനുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കോവളത്ത് നടക്കുന്ന ദ്വിദിന കമ്യൂണിറ്റി പൊലീസിങ് ദേശീയ സെമിനാറിന്‍െറ ലോഗോ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപോലെ എട്ടുമണിക്കൂര്‍ ജോലി പൊലീസിലും നടപ്പാക്കണം. ആഴ്ചയിലൊരിക്കല്‍ അവധിയെടുക്കാനും വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാനും ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണം. അങ്ങനെ ചെയ്താല്‍ അവരുടെ ജോലിഭാരവും മാനസിക സമ്മര്‍ദവും കുറയും. ഫലപ്രദമായ പൊലീസിങ് സംവിധാനത്തിന് ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ അധ്യക്ഷയായി. എ.ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണന്‍, കെ. പത്മകുമാര്‍, ടോമിന്‍ തച്ചങ്കരി, ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി 27,28  തീയതികളില്‍ കോവളത്ത് നടക്കുന്ന സെമിനാര്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.