ശമ്പള കമീഷന്‍ നിര്‍ദേശിച്ച സ്കെയിലുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: ശമ്പള കമീഷന്‍ ശിപാര്‍ശ ചെയ്ത മുഴുവന്‍ ശമ്പള സ്കെയിലുകളും സര്‍ക്കാര്‍ വെട്ടിക്കുറച്ചു. അടിസ്ഥാനശമ്പളത്തില്‍ 500 രൂപ മുതല്‍ 4000 രൂപ വരെയാണ് കുറച്ചത്. ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 17,000 രൂപയില്‍ നിന്ന്16,500 രൂപയാക്കുമെന്നും മറ്റുള്ളതില്‍ മാറ്റമില്ളെന്നുമാണ് ബുധനാഴ്ച മുഖ്യമന്ത്രി അടക്കം വിശദീകരിച്ചത്. എന്നാല്‍, ഉത്തരവില്‍ എല്ലാ സ്കെയിലുകളിലും കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ ശമ്പള-പെന്‍ഷന്‍ ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ചു.
27 ശമ്പളസ്കെയിലുകളിലും കുറവ് വന്നതോടെ സര്‍വിസില്‍ പുതുതായി പ്രവേശിക്കുന്ന എല്ലാ ജീവനക്കാരെയും ഇത് ബാധിക്കുമെന്നുറപ്പായി. 30000 മുതല്‍ 40000 വരെ ജീവനക്കാരെ മാത്രമേ ബാധിക്കൂവെന്നാണ് ധനവകുപ്പ് വിശദീകരണം. കമീഷന്‍ ശിപാര്‍ശ ചെയ്ത സ്കെയിലില്‍ സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തുന്നത് അപൂര്‍വമാണെന്നും സാധാരണ ശിപാര്‍ശ അംഗീകരിക്കലാണ് പതിവെന്നും പ്രമുഖ സര്‍വിസ് സംഘടനാനേതാവ് പറഞ്ഞു. എല്ലാ സ്കെയിലും കുറക്കുകയും പുതിയ ഹയര്‍ ഗ്രേഡുകള്‍ ഒഴിവാക്കുകയും ചെയ്തതില്‍ ഭരണാനുകൂല സംഘടനകള്‍ക്കും പ്രതിഷേധമുണ്ട്.

മിനിമം പെന്‍ഷന്‍ 8500 രൂപ

തിരുവനന്തപുരം: മിനിമം പെന്‍ഷന്‍ 8500 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പരമാവധി 60,000 രൂപയും. ശമ്പള കമീഷന്‍ ശിപാര്‍ശ ചെയ്ത അതേ നിരക്കില്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. പരമാവധി കുടുംബ പെന്‍ഷന്‍ 36,000 രൂപ. ഡി.സി.ആര്‍.ജി 14 ലക്ഷം രൂപയായി ഉയര്‍ത്തും. പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കും. അതുവരെ മാസം 300 രൂപ വീതം മെഡിക്കല്‍ അലവന്‍സ് ലഭിക്കും. പെന്‍ഷന്‍ കുടിശ്ശിക നാല് ഘട്ടമായി 2017 ഏപ്രിലിനും 2018 ഒക്ടോബറിനും ഇടയില്‍ നല്‍കും. കുടിശ്ശികക്ക് പലിശ നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.