തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. 25ാം പ്രതിയാക്കി സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തലശ്ശേരി എ.കെ.ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് ജയരാജന്‍.
ജനുവരി നാലിന് ചോദ്യം ചെയ്യാന്‍ സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയരാജന്‍ ഒരാഴ്ചത്തെ അവധി അപേക്ഷ നല്‍കുകയായിരുന്നു. അവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജനുവരി 12ന് തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍, തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി നിരസിച്ചു. ഇതേതുടർന്ന് പ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി യു.എ.പി.എ പ്രകാരമാണ് കേസ് എടുത്തത്. സി.ബി.ഐ ഡി.വൈ.എസ്.പി ഹരി ഓം പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയിൽ കുറ്റപത്രം സമര്‍പിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി അന്വേഷണ സംഘം ജയരാജന്‍റെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആർ.എസ്.എസ് നേതാവ് കിഴക്കേ കതിരൂർ ഇളംതോടത്ത് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്. കേസില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.