ഇ-മെയില്‍ ചോര്‍ത്തല്‍ കേസ്: യു.എ.പി.എ ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ യു.എ.പി.എ നിയമം ചുമത്താന്‍ ക്രൈംബ്രാഞ്ച് നടത്തിയ ശ്രമം എന്‍.ഐ.എ തടയിട്ടു. ഗൗരവസ്വഭാവമില്ളെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ കേസ് മടക്കിയതോടെ മതസ്പര്‍ധയും വര്‍ഗീയ കലാപവും ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച കുറ്റപത്രം ചിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സിജിമോള്‍ കുരുവിള ഫയലില്‍ സ്വീകരിച്ചു. മാര്‍ച്ച് 16ന് മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.

മുന്‍ റിസര്‍വ് എസ്.ഐ ബിജു, നിരോധിത സംഘടനയായ സിമിയുടെ  അനുഭാവിയായ ഡോ. ദസ്തഗീര്‍, മുന്‍ സിമി പ്രവര്‍ത്തകന്‍ അഡ്വ. ഷാനവാസ്,  മാധ്യമം ആഴ്ചപ്പതിപ്പിലെ പ്രത്യേക ലേഖകന്‍ വിജു. വി. നായര്‍, മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മാധ്യമം ആഴ്ചപ്പതിപ്പ് എഡിറ്റര്‍ പി.കെ. പാറക്കടവ് എന്ന മുഹമ്മദ്, ഇന്ത്യാവിഷന്‍ മുന്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍ എം.പി. ബഷീര്‍, ഇന്ത്യാവിഷന്‍ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ മനുഭരത് എന്നിവരാണ് കേസിലെ പ്രതികള്‍.

എന്നാല്‍, അന്വേഷണത്തില്‍ എം.പി. ബഷീര്‍, മനുഭരത് എന്നിവര്‍ക്കെതിരെ ലഭിച്ച തെളിവുകള്‍ അപര്യാപ്തമായതിനാല്‍ ഇരുവരെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി പ്രത്യേകം കുറ്റപത്രം  സമര്‍പ്പിക്കുമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരെ യു.എ.പി.എ നിയമത്തിലെ 10, 41 വകുപ്പുകള്‍ ചുമത്തിയശേഷം അന്വേഷണം എന്‍.ഐ.എ  ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, കേസ് ഏറ്റെടുക്കേണ്ട ഗൗരവമില്ളെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ മടക്കിയതോടെ യു.എ.പി.എ ചുമത്തിയത് ക്രൈംബ്രാഞ്ചിന് ഒഴിവാക്കേണ്ടിവന്നു.  

സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയ കലാപവും ഉണ്ടാക്കാന്‍ ശ്രമിക്കല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതിയെ ഒളിവില്‍ പാര്‍പ്പിക്കല്‍, പ്രതിക്ക് രക്ഷപ്പെടുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യാജരേഖ ചമയ്ക്കല്‍, മോഷണം, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.  

സംസ്ഥാന പൊലീസിന്‍െറ തന്ത്രപ്രധാനമായ ഹൈടെക് എന്‍ക്വയറി സെല്ലില്‍നിന്ന് അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന രേഖകള്‍ അഭിഭാഷകന് കൈമാറി. ഈ  രേഖകള്‍ അഭിഭാഷകന്‍ മാധ്യമം ലേഖകന് കൈമാറി. ഈ രേഖകളിലെ ഇ-മെയില്‍ വിലാസങ്ങളിലെ  മുസ്ലിം ഇതര പേരുകള്‍  ഗൂഢാലോചനയുടെ ഭാഗമായി  ലേഖകന്‍ ഒഴിവാക്കിയെന്നും വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കാതെ രേഖകള്‍ പ്രസിദ്ധീകരിച്ചതിലൂടെ മതസ്പര്‍ധ വളര്‍ത്തുന്നതിന് ശ്രമം നടന്നുവെന്നും ഇതിന്‍െറ തുടര്‍ച്ചയായി ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്തുവെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം. മുന്‍ എസ്.ഐ ബിജുവിനെ രക്ഷിക്കുന്നതിനായി ഡോ. ദസ്തഗീര്‍ ആശുപത്രി രേഖകളില്‍ കൃത്രിമം കാണിച്ചുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് കുറ്റപത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.