കല്‍പനയെന്ന ‘പോക്കുവെയില്‍’

അരവിന്ദന്‍െറ ‘പോക്കുവെയില്‍’ എന്ന ചിത്രത്തിലാണ് കല്‍പനക്കൊത്ത് അഭിനയിക്കുന്നത്, 1981ല്‍. കല്‍പനക്ക് അന്ന് പ്രായം 13. ശ്രദ്ധേയ റോളിലാണ് ആ ആര്‍ട്ട് ഫിലിമില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. കല്‍പന നായികയും ഞാന്‍ നായകനും. അന്നുമുതല്‍ ഇന്നുവരെ കല്‍പന എന്‍െറ നല്ല സുഹൃത്താണ്്. വിളിക്കും കാണും.

‘പോക്കുവെയില്‍’  അന്ന് മികച്ച പ്രാദേശിക ചിത്രത്തിനും അരവിന്ദന്‍ രാജ്യത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡും സ്വന്തമാക്കി. ഒരുവര്‍ഷംമുമ്പ് തിരുവനന്തപുരത്ത് ഒരു ചടങ്ങിലാണ് കല്‍പനയെ ഒടുവില്‍ കണ്ടത്... അപാരമായ നര്‍മബോധമുണ്ടായിരുന്നു അവര്‍ക്ക്. നിഷ്കളങ്കയുമായിരുന്നു.

പോക്കുവെയിലിന്‍െറ സൗന്ദര്യമാണ് കല്‍പനയുടെ കഥാപാത്രങ്ങള്‍ക്ക്. മനസ്സില്‍ ചിരിയും സന്തോഷവും നിറക്കുന്നവ. അതേസമയം, കല്‍പനയെന്ന നടി വിടചൊല്ലുന്നത് പോക്കുവെയിലിനുപോലും കാത്തുനില്‍ക്കാതെ ഉച്ചതിരിഞ്ഞ നേരത്ത്. വലിയ അഭിനയശേഷിയുള്ള നടി. സ്വഭാവനടിയായും ഹാസ്യനടിയായും തന്‍െറ കഴിവുതെളിയിച്ചു.

സുകുമാരിയെപോലെ ദീര്‍ഘകാലം അഭിനയിക്കേണ്ട കലാകാരിയായിരുന്നു കല്‍പന. മലയാളത്തിന് എക്കാലത്തെയും മികച്ചനടിയെയാണ് നഷ്ടമായത്. തികച്ചും അപ്രതീക്ഷിത ഷോക്കായി മരണവാര്‍ത്ത. വ്യക്തിപരമായി 35 വര്‍ഷത്തെ സൗഹൃദം നഷ്ടമായതിന്‍െറ ദു$ഖത്തിലാണ് ഞാന്‍...
മികച്ച അഭിനേത്രി –നെടുമുടി
മലയാളം കണ്ട മികച്ച അഭിനേത്രിയായിരുന്നു കല്‍പനയെന്ന് നടന്‍ നെടുമുടി അനുസ്മരിച്ചു. മലയാളത്തിലെ അഭിനയ കുലത്തിന് രണ്ട് തായ്വഴികളുണ്ട്. നായകന്മാരുടെയും നായികമാരുടേതുമായ വഴിയാണ് ഇതിലൊന്ന്. മറ്റൊന്ന് അവരെക്കാള്‍ മികച്ച പാരമ്പര്യമുള്ള അടൂര്‍ ഭവാനി, കെ.പി.എ.സി ലളിത തുടങ്ങിയവരുടെ മറ്റൊരു ധാരയാണ്. ആ കുലത്തിലാണ് കല്‍പനയുടെ അഭിനയം. ഹാസ്യവും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങള്‍ കല്‍പനക്ക് നിസ്സാരമായിരുന്നു. പി.എന്‍. മേനോന്‍െറ ‘നേര്‍ക്കുനേര്‍’ ചിത്രത്തില്‍ താനും കല്‍പനയും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു. ഗൗരവസ്വഭാവമുള്ള കഥാപാത്രം. അഭിനയ ശൈലിയില്‍ അവര്‍ തിളങ്ങി. അതേസമയം, ജനപ്രിയ സിനിമകളില്‍ കല്‍പനയുടെ അഭിനയശൈലി മറ്റൊന്നായിരുന്നു. അസാധാരണമായ അഭിനയ പാടവമുള്ള നടിക്ക് മാത്രമേ ഇതിന് കഴിയുകയുള്ളൂവെന്ന് നെടുമുടി പറഞ്ഞു.
നഷ്ടമായത് സഹോദരിയെ –മണിയന്‍പിള്ള രാജു
തനിക്ക് നഷ്ടമായത്  സഹോദരിയെയാണെന്ന് നടന്‍ മണിയന്‍പിള്ള രാജു. കല്‍പനയെ പരിചയപ്പെടുന്നത് 1976ല്‍ മദ്രാസില്‍വെച്ചാണ്. അന്നേ സ്വന്തമായ വ്യക്തിത്വം അവര്‍ക്ക് ഉണ്ടായിരുന്നു. ആധുനിക ലോകത്തിന്‍െറ ജീവിതമോഹങ്ങളില്‍ കടപുഴകി വീഴാത്ത നടി. ഇഷ്ടവിഭവം ചോറും സാമ്പാറുമായിരുന്നു. ആഗ്രഹങ്ങള്‍ കുറവായിരുന്നു. സ്നേഹമായിരുന്നു അവരുടെ കൈമുതല്‍. സംസാരിക്കുന്നതാകട്ടെ തിരുവനന്തപുരത്തെ നാടോടി വഴക്കമുള്ള ഭാഷ. സെറ്റില്‍ ഏതുവിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും മറുപടി പറയാനുള്ള പ്രാപ്തിയുണ്ടായിരുന്നു. കമലഹാസന്‍െറ കൂടെ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത്രയും കഴിവുള്ള നടിയില്ളെന്നാണ്. ഹൃദയവാല്‍വിന് തകരാറുണ്ടെന്നറിഞ്ഞിട്ടും കല്‍പനയുടെ മുഖത്തുനിന്ന് അതു വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ളെന്നും രാജു ഓര്‍മിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.