കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് വര്‍ധിപ്പിക്കും

കരിപ്പൂര്‍: ഫ്യൂഷന്‍ സംഗീതത്തിന്‍െറ അകമ്പടിയോടെ കേരളീയ കലാരൂപങ്ങള്‍ അണിനിരന്ന പ്രൗഢഗംഭീര ചടങ്ങില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പുതിയ ആഗമന ടെര്‍മിനലിന്‍െറ ശിലാസ്ഥാപനം. 85.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര ആഗമന ബ്ളോക്കിന്‍െറ ശിലാസ്ഥാപനം കേന്ദ്ര വ്യോമയാനമന്ത്രി പി. അശോക് ഗജപതി രാജുവാണ് നിര്‍വഹിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കേരളത്തില്‍ നിന്നുള്ള സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കരിപ്പൂരില്‍ നിന്ന് ആഴ്ചയില്‍ 44 സര്‍വിസുള്ളത് 63 ആക്കിയും കൊച്ചിയില്‍ നിന്ന് 34 ഉള്ളത് 37 ആക്കിയും തിരുവനന്തപുരത്തു നിന്ന് 20 സര്‍വിസുള്ളത് 21 ആക്കിയുമാണ് വര്‍ധിപ്പിക്കുക.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ (സി.എസ്.ആര്‍) ഭാഗമായി കൊണ്ടോട്ടി സി.എച്ച്.സിക്ക് കാന്‍സര്‍ സെന്‍ററിനും വയോജന കേന്ദ്രത്തിനുമായി 65 ലക്ഷം രൂപ നല്‍കിയത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തില്‍ പുതുതായി സ്ഥാപിച്ച 750 കിലോവാട്ടിന്‍െറ സൗരോര്‍ജപാനലിന്‍െറ ഉദ്ഘാടനം ഇ. അഹമ്മദ് എം.പി നിര്‍വഹിച്ചു.
സി.എസ്.ആറിന്‍െറ ഭാഗമായി കൊണ്ടോട്ടി സി.എച്ച്.സിക്ക് നല്‍കുന്ന 65 ലക്ഷത്തില്‍ 32.5 ലക്ഷം എയര്‍പോര്‍ട്ട് അതോറിറ്റി സതേണ്‍ റീജനല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ദീപക് ശാസ്ത്രി എന്‍.എച്ച്.എം ജില്ലാ കോഓഡിനേറ്റര്‍ക്ക് കൈമാറി.
എം.പിമാരായ എം.കെ. രാഘവന്‍, പി.വി. അബ്ദുല്‍ വഹാബ്, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.