വയനാട്ടിലെ സാധാരണ മനുഷ്യരുമായി ആഴത്തിൽ സംവദിക്കാനും ഇടപഴകാനും സാധിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ നൈസർഗികമായ സ്നേഹവും ലളിതമായ ജീവിതശൈലിയും എന്നെ ഏറെ ആകർഷിച്ചിട്ടുമുണ്ട്. അസാധാരണമായ ജീവിതയാഥാർഥ്യങ്ങളോട് പൊരുതിജയിച്ച, ഉരുവപ്പെട്ട മനസ്സുള്ള വ്യക്തിത്വങ്ങളാണ് അവർ
ജൂലൈ 30ന് പുലർച്ച വയനാടിനെ പിടിച്ചുലച്ച പ്രതിഭാസത്തിന്റെ ആഘാതം ഇപ്പോഴും നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. ദുരന്തത്തിന്‍റെ തീരാവേദനകൾക്കിടയിലും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും നിസ്സഹായരായ മനുഷ്യർക്ക് താങ്ങായി സമാശ്വാസത്തിന്‍റെയും സാന്ത്വനത്തിന്‍റെയും കരങ്ങൾ നാനാഭാഗത്തുനിന്നും ഉയർന്നുവരുന്നത് ആശ്വാസകരമാണ്. സർക്കാറിനൊപ്പം സന്നദ്ധസംഘടനകളും പൊതുജനങ്ങളും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നതും മത, ജാതി, ലിംഗ, രാഷ്ട്രീയ ഭേദമെന്യേ സർവരും ഒരുപോലെ സ്നേഹത്തിന്റേതായ ഒരൊറ്റ ഭാഷയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതും കുളിർമയുള്ള കാഴ്ചയാണ്. ഈ ലോകത്ത് നന്മയുടെ മഹാപ്രവാഹങ്ങൾ ഇനിയുമിനിയും ഒരുപാട് ഉറവകൊള്ളും എന്നതിന്‍റെ തെളിഞ്ഞ ദൃഷ്ടാന്തങ്ങൾ!
എന്നെ സംബന്ധിച്ച് വയനാട്, കുന്നും പച്ചപ്പും തോട്ടങ്ങളും നിറഞ്ഞ കേവലമൊരു മലയോരമല്ല; എന്‍റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മണ്ണാണത്. 1997 ലാണ് ഞാൻ ആദ്യമായി വയനാട്ടിലെത്തുന്നത്. സിവിൽ സർവിസ് ലഭിച്ച് മുസ്സൂറിയിലെ ദേശീയ അക്കാദമിയിലെ ഫൗണ്ടേഷൻ കോഴ്സും കഴിഞ്ഞ് ‘ഭാരത് ദർശൻ’ എന്ന പേരിലുള്ള 60 ദിവസത്തെ ഭാരതപര്യടനത്തിന്‍റെ ഭാഗമായിരുന്നു ആ വരവ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിവിധ തലങ്ങളിലുള്ള മനുഷ്യരുടെ ജീവിതത്തെ അടുത്തറിയുകയായിരുന്നു ആ പരിപാടിയുടെ ലക്ഷ്യം. ആദിവാസി ജീവിതത്തെ അടുത്തറിയാനും മനസ്സിലാക്കാനുമാണ് വയനാട് തെരഞ്ഞെടുക്കപ്പെട്ടത്. സുൽത്താൻ ബത്തേരി ഗെസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. ബത്തേരി കേന്ദ്രീകരിച്ചുള്ള ഒരു സന്നദ്ധ സംഘടനയുമായി ചേർന്നായിരുന്നു പ്രവർത്തനം. അതൊരു റമദാൻ നോമ്പുകാലം കൂടിയായിരുന്നു. രാവിലെ തുടങ്ങുന്ന കാടു കയറ്റവും മറ്റും കഴിഞ്ഞ് വൈകീട്ടാകുമ്പോഴേക്കും നന്നായി ക്ഷീണിച്ചിട്ടുണ്ടാകും. ഒരു ദിവസം വൈകീട്ട് സുൽത്താൻ ബത്തേരിയിലെ പള്ളിയിൽ നമസ്കാരത്തിന് ചെന്നപ്പോൾ ഒപ്പമുണ്ടായിരുന്ന സ്ഥലം തഹസിൽദാർ പള്ളി വരാന്തയിലുണ്ടായിരുന്ന രണ്ട് വയോധികർക്ക് എന്നെ പരിചയപ്പെടുത്തി. പുതിയ സിവിൽ സർവിസ് ബാച്ചിലെ മലയാളിയാണെന്ന് കേട്ടപ്പോൾ അവർക്ക് വലിയ സന്തോഷം. അന്നാട്ടിലെ പൗരപ്രമുഖരായിരുന്നു ഇരുവരും -കക്കോടൻ മൂസ ഹാജിയും പി.സി. അഹമ്മദും. പി.സി. അഹമ്മദ് പഞ്ചായത്ത് പ്രസിഡൻറായിരുന്നെന്നും ആദ്യകാല പ്ലാൻററും പ്രമുഖ വ്യവസായിയുമായിരുന്ന മൂസ ഹാജി മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്‍റെ ഭാര്യാപിതാവാണെന്നും പിന്നീടാണ് മനസ്സിലായത്. ഇരുവരും ചേർന്ന് അന്ന് നോമ്പുതുറക്ക് മൂസ ഹാജിയുടെ വീട്ടിലേക്ക് നിർബന്ധപൂർവം ക്ഷണിക്കുകയും ചെയ്തു. ആ നോമ്പുതുറ ഹൃദ്യമായ അനുഭവമായിരുന്നു. ഇരുവരും എന്നോട് കാണിച്ച അനൽപമായ സ്നേഹം ഇന്നും മനസ്സിലുണ്ട്. തൊട്ടടുത്ത വർഷം പെരിന്തൽമണ്ണ സബ്കലക്ടറായി എനിക്ക് നിയമനം ലഭിച്ചു. വയനാട് ദുരന്തത്തിലെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും വന്നണഞ്ഞത് പോത്തുകൽ ഉൾപ്പെടെയുള്ള ചാലിയാറിന്‍റെ തീരങ്ങളിലാണെന്ന് അറിയുമ്പോൾ മനസ്സ് ആ കാലത്തേക്ക് സഞ്ചരിച്ചു. ഓരോ മഴക്കാലത്തും ചാലിയാറിന്‍റെ തീരങ്ങളിൽനിന്ന് അപകട വാർത്തകൾ വരുമ്പോൾ നേവിയുടെയും മറ്റും സഹായം തേടുന്ന തുടക്കക്കാരനായ സബ്കലക്ടറുടെ ഹൃദയ നൊമ്പരങ്ങൾ മനസ്സിൽ അലയടിച്ചു.
വയനാടുമായുള്ള ബന്ധം കൂടുതൽ ദൃഢമായത് എന്‍റെ ഭാര്യാപിതാവ് എം.ഐ. ഷാനവാസ് വഴിക്കാണ്. അദ്ദേഹമായിരുന്നു വയനാട് ലോക്സഭ മണ്ഡലത്തിന്‍റെ പ്രഥമ പ്രതിനിധി. ഞാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറായി ജോലി ചെയ്യുമ്പോഴാണ് അദ്ദേഹത്തെ വയനാട്ടുകാർ വലിയ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. 2018ൽ അദ്ദേഹത്തിന്റെ ദുഃഖകരമായ വിയോഗം സംഭവിച്ച വേളയിൽ അന്നാട്ടുകാർ ഞങ്ങളുടെ കുടുംബത്തോട് പ്രകടിപ്പിച്ച നിസ്സീമ സ്നേഹം ആലോചിക്കുമ്പോൾ ഇന്നും കണ്ണുനിറയുന്നു. നൂറുകണക്കിനുപേരാണ് വയനാട്ടിൽനിന്ന് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എറണാകുളത്തേക്ക് വന്നത്. വന്ദ്യവയോധികർ മുതൽ സ്ത്രീകളും യുവജനങ്ങളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
എപ്പോൾ വയനാട്ടിൽ ചെന്നാലും രണ്ട് വഴിയിലും സ്നേഹോഷ്മള സ്വീകരണം എനിക്ക് ലഭിച്ചിരുന്നു. ഒന്നാമത്, അവരുമായി വർഷങ്ങളുടെ ബന്ധമുള്ള സിവിൽ സർവിസ് ഉദ്യോഗസ്ഥനെന്ന നിലയിൽ. രണ്ടാമതായി, അവരുടെ പ്രിയപ്പെട്ട ജനപ്രതിനിധിയുടെ മകളുടെ ഭർത്താവ് എന്ന നിലയിലും.
വയനാട് ജില്ലയുടെ 1980 മുതൽ 2024 വരെയുള്ള പ്രയാണത്തിൽ ഒത്തിരി ഗുണപരമായ മാറ്റങ്ങൾ ജില്ലക്കുണ്ടായി. വയനാട്ടിൽനിന്നുള്ള ആദ്യ ഐ.എ.എസുകാരിയെയും കാണാൻ കഴിഞ്ഞു. ആ മിടുക്കി ഏറ്റവും മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഏറെ സമർപ്പിത മനസ്സുകളുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി വയനാട്, വിദ്യാഭ്യാസ മേഖലയിലും പുരോഗമിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകാനും മറ്റും പലതവണ വയനാട് സന്ദർശിച്ചിട്ടുണ്ട്. ബത്തേരിയിൽ അധ്യാപകർക്കായുള്ള ഗെസ്റ്റ് ഹൗസും ബത്തേരിയിൽ തന്നെയുള്ള ഡയറ്റും അമ്പലവയലിലെ കാർഷികകേന്ദ്രവും എടക്കൽ ഗുഹയും എല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്.
ഒരിക്കൽ ഇന്ത്യയുടെ പ്രിയങ്കരനായ മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ കാത്ത് ബത്തേരിയിലും കൽപറ്റയിലും ഒരു രാത്രിയും പകലും മുഴുവൻ ചെലവഴിച്ചത് ഓർക്കുന്നു. പി.ഡബ്ല്യു.ഡി സെക്രട്ടറി, നഗരവികസന സെക്രട്ടറി എന്ന നിലക്കുമെല്ലാം പലവട്ടം അവിടെ ചെന്നു. കൽപറ്റയിലെ ഗവ. റെസ്റ്റ് ഹൗസ് നവീകരണം അടക്കമുള്ള പല വികസന സംരംഭങ്ങളുടെയും ഭാഗമാകാൻ സാധിച്ചു.
ഇക്കാലയളവിലെല്ലാം വയനാട്ടിലെ സാധാരണ മനുഷ്യരുമായി ആഴത്തിൽ സംവദിക്കാനും ഇടപഴകാനും സാധിച്ചിട്ടുണ്ട്. അവരുടെ സ്നേഹക്കോപ്പയിൽനിന്ന് ആവോളം വാത്സല്യത്തിന്റെയും നിഷ്കളങ്കതയുടെയും നറുമണമുയരുന്ന ചായ നുകരാനും അവസരം ലഭിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ നൈസർഗികമായ സ്നേഹവും ലളിതമായ ജീവിതശൈലിയും സംസാര രീതിയും എന്നെ ഏറെ ആകർഷിച്ചിട്ടുമുണ്ട്. അസാധാരണമായ ജീവിത യാഥാർഥ്യങ്ങളോട് പൊരുതി ജയിച്ച, ഉരുവപ്പെട്ട മനസ്സുള്ള വ്യക്തിത്വങ്ങളാണ് അവർ. പുറമേക്ക് ശാന്തരെങ്കിലും അവർ ദൃഢമായ മനസ്സിന്റെ ഉടമകളായിരുന്നു. പ്രകൃതിയുടെ എല്ലാ താണ്ഡവങ്ങളോടും മല്ലിട്ട് ‘വിഷകന്യക’യിൽ എസ്.കെ. പൊറ്റെക്കാട്ട് വരച്ചിട്ട പോലെയുള്ള ഒരുപാട് മനുഷ്യരെ ആ യാത്രകളിൽ ഞാൻ കണ്ടിട്ടുണ്ട്, അവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്.
ഇത്രമാത്രം കഠിനമായ പരീക്ഷണങ്ങൾ ഈ ജനത നേരിടുമ്പോൾ നാമേറെ ദുഃഖിക്കുന്നു. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഇത്തരം പരീക്ഷണങ്ങളിൽനിന്ന് അസാമാന്യ കരുത്തുനേടി തിരികെ ജീവിതത്തിലേക്ക് വരാനുള്ള വ്യഗ്രത അവരിൽ നമുക്ക് കാണാൻ കഴിയുന്നു. അവിടെ മനുഷ്യർക്കിടയിൽ ഒരു തരത്തിലുള്ള വേർതിരിവുകളുമില്ല.
ഔദ്യോഗിക രംഗത്തെ തിരക്കിനിടയിൽ വയനാട്ടിലേക്ക് ഒരു യാത്ര പോയാൽ, രണ്ടു ദിവസം അവിടെ തങ്ങിയാൽ, സ്വച്ഛതയോടെ തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഇനിയും തുടരും, സംശയമില്ല. കാരണം മനുഷ്യന്‍റെ അചഞ്ചലമായ മനോധൈര്യത്തിന്‍റെ പ്രതീകങ്ങളാണ് വയനാടും അവിടത്തെ മനുഷ്യരും. അതൊരിക്കലും വാടില്ല, കരിഞ്ഞുപോകില്ല. എക്കാലത്തും അത് പുഷ്കലമായി തന്നെ നിലകൊള്ളും. ആ ജനതതിയുടെ ആത്മവീര്യത്തിനുമുന്നിൽ അഭിവാദ്യമർപ്പിക്കുന്നു; നമ്മെ പിരിഞ്ഞുപോയ സഹോദരങ്ങൾക്ക് കണ്ണീർപൂക്കളും.
മാൽക്കം ഗ്ലാഡ്വൽ ഇങ്ങനെ പറയുന്നു: അസാമാന്യമായുള്ള വൈതരണികളെ നേരിടുന്നത് മഹത്വവും സൗന്ദര്യവും സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.