ശ്രേയയുടെ മുങ്ങിമരണം അധികൃതരുടെ അശ്രദ്ധമൂലമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: ആലപ്പുഴ കൈതവനയിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ ക്യാമ്പില്‍ പങ്കെടുക്കാനത്തെിയ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി ശ്രേയ മുങ്ങിമരിക്കാനിടയായത് കൃപാഭവന്‍ അധികൃതരുടെ അശ്രദ്ധമൂലമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണം പൂര്‍ത്തിയാക്കി ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ക്രൈംബ്രാഞ്ച് കൊല്ലം സൂപ്രണ്ട് ടി.എഫ്. സേവ്യര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഹൈകോടതി നിര്‍ദേശപ്രകാരം മജിസ്ട്രേറ്റിന്‍െറ നിരീക്ഷണമോ ആഭ്യന്തരവകുപ്പ് തീരുമാനപ്രകാരം സി.ബി.ഐ അന്വേഷണമോ നടക്കാത്തത് ചോദ്യംചെയ്ത് ആലപ്പുഴ കളര്‍കോട് സ്വദേശി വേണുഗോപാലന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ക്രൈംബ്രാഞ്ചിന്‍െറ വിശദീകരണം. ആലപ്പുഴ  കൃപാഭവന്‍ ലഹരിവിമോചന കേന്ദ്രത്തില്‍ വ്യക്തിത്വവികസന ക്ളാസില്‍ പങ്കെടുക്കാനത്തെിയപ്പോഴാണ് കൈതവന ഏഴരപ്പറമ്പില്‍ ബെന്നിയുടെ മകള്‍ ശ്രേയയെ 2010 ഓക്ടോബര്‍ 17ന് പുലര്‍ച്ചെ വളപ്പിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. രാത്രി  മറ്റു കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇവിടെ വലിയ കുളമുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നില്ളെന്നും കുട്ടികളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ളെന്നും വിശദീകരണത്തില്‍ പറയുന്നു. ഈ ഭാഗത്ത് വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ല. വാച്ച്മാനെയും നിയോഗിച്ചിരുന്നില്ല. ക്യാമ്പിന്‍െറ ചുമതലക്കാരായ ഫാ. മാത്തുക്കുട്ടി മൂന്നാറ്റുമുഖത്തിന്‍െറയും സിസ്റ്റര്‍ സ്നേഹയുടെയും അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.