ഉറ്റവരെല്ലാം പോയി; അജിത്തിന് കൂട്ട് പട്ടിണി മാത്രം

സുല്‍ത്താന്‍ ബത്തേരി: മൂന്നു മാസക്കാലമായി ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഒമ്പതാം ക്ളാസുകാരന്‍ അജിത്തിന് കൂട്ട് പട്ടിണി മാത്രം. മൂന്നു നേരം ഭക്ഷണം കഴിക്കുക എന്നത് അജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മരണം ഒരു കരുണയും കാണിക്കാതെ അജിത്തിനുണ്ടായിരുന്നവരെയെല്ലാം കൂട്ടിക്കൊണ്ടുപോയി. ആദ്യം അമ്മയാണ് പിരിഞ്ഞുപോയത്. പിന്നീട് ചേട്ടന്‍. മൂന്ന് മാസം മുമ്പ് അച്ഛനും പോയതോടെ പട്ടയമില്ലാത്ത ഭൂമിയിലെ ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന കുടിലില്‍ ഏകനായി അജിത്ത് ജീവിതം തള്ളിനീക്കുന്നു.
ചൂരിമലക്കുന്നില്‍ ബീനാച്ചി എസ്റ്റേറ്റിലെ കൈയേറ്റ ഭൂമിയിലാണ് അജിത്തിന്‍െറ വീട്. മൂന്നുമാസം മുമ്പാണ് അച്ഛന്‍ ബാലു ടി.ബി ബാധിച്ച് മരിച്ചത്. നാലുവര്‍ഷം മുമ്പ് ജ്യേഷ്ഠന്‍ അനീഷ് മുങ്ങിമരിച്ചു. പൂതാടി സ്കൂളില്‍ പ്ളസ് വണ്ണില്‍ പഠിക്കുമ്പോഴാണ് പുഴയില്‍ കുളിക്കാനിറങ്ങിയ അനീഷ് മരിച്ചത്.

ആറുവര്‍ഷം മുമ്പാണ് അമ്മ ലത കാന്‍സര്‍ വന്നുമരിച്ചത്. ബന്ധുക്കളെന്ന് പറയാന്‍ കാര്യമായി ആരുമില്ല. ഉള്ളവര്‍ ഈ വഴിക്കൊന്നും വരാറുമില്ല. ബീനാച്ചി ഗവ. ഹൈസ്കൂളില്‍ ഒമ്പതാം ക്ളാസിലാണ് പട്ടികജാതിക്കാരനായ അജിത്ത് പഠിക്കുന്നത്. ഇത്രയൊക്കെയായിട്ടും പഠനം മുടക്കാന്‍ അജിത്ത് തയാറായില്ല. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ജീവിതം പലപ്പോഴും മുന്നോട്ടുപോകുന്നത്. അവധി ദിവസങ്ങളില്‍ വല്ലപ്പോഴും അയല്‍വീടുകളില്‍ പണിക്കുപോകും. സ്കൂളില്‍നിന്ന് ലഭിക്കുന്ന ഭക്ഷണമാണ് പ്രധാന ആശ്രയം. സമീപത്തെ കുടുംബശ്രീ പ്രവര്‍ത്തകരും ക്ളബ് പ്രവര്‍ത്തകരും ഭക്ഷണ സാധനങ്ങള്‍ നല്‍കാറുണ്ട്. ഒന്നും ലഭിച്ചില്ളെങ്കില്‍ ഒട്ടിയവയറുമായി ദിവസം തള്ളിനീക്കുമെന്നല്ലാതെ ആരോടും ഒന്നും ചോദിക്കാന്‍ അജിത്തിന് താല്‍പര്യവുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.