മഅ്ദനിയെ വിമാനത്തില്‍ കയറ്റാതിരുന്നത് രേഖാമൂലം അനുമതിയില്ലാത്തതിനാല്‍

ബംഗളൂരു/നെടുമ്പാശ്ശേരി: അബ്ദുന്നാസിര്‍ മഅ്ദനിയെ ഇന്‍ഡിഗോ അധികൃതര്‍ വിമാനത്തില്‍ കയറ്റാതിരുന്നത് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്‍െറ രേഖാമൂലമുള്ള അനുമതിപത്രമില്ലാതിരുന്നതിനാല്‍. മഅ്ദനിക്കൊപ്പം ഭാര്യയും രണ്ടു മക്കളും  കര്‍ണാടക പൊലീസിന്‍െറ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്‍െറ 2005ലെ ഉത്തരവനുസരിച്ച് ഏതെങ്കിലും കേസിലുള്‍പ്പെട്ട പ്രതികളെ സുരക്ഷാ നടപടിക്രമങ്ങളുമായി വിമാനത്തില്‍ കൊണ്ടുപോകണമെങ്കില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ റീജനല്‍ ഡെപ്യൂട്ടി കമീഷണറുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. ഹൈദരാബാദില്‍നിന്നാണ് അനുമതിപത്രം വാങ്ങേണ്ടത്. ഇന്‍ഡിഗോ അധികൃതര്‍ ഇത് ശ്രദ്ധിക്കാതെ മഅ്ദനിക്ക് ബോര്‍ഡിങ് പാസ് അനുവദിക്കുകയായിരുന്നു.
കര്‍ണാടക പൊലീസ് അകമ്പടിയോടെയാണ് മഅ്ദനി കേരളത്തിലേക്ക് വരുന്നത്. ഒപ്പമുള്ള പൊലീസുകാര്‍ക്ക് ആയുധങ്ങള്‍ കൈവശമുള്ളതിനാല്‍ വ്യോമയാന മന്ത്രാലയത്തിന്‍െറ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ വിമാനത്തില്‍ യാത്ര അനുവദിക്കൂ എന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. എന്നാല്‍, മഅ്ദനിയെ കയറ്റണമെങ്കില്‍ സുരക്ഷാ നടപടിക്രമം പാലിച്ചേ പറ്റൂവെന്ന് വ്യക്തമാക്കിയ പൈലറ്റ് അദ്ദേഹത്തെ കയറ്റാതെ വിമാനം പറത്തുകയായിരുന്നു.
രാവിലെയത്തെിയ മഅ്ദനിയും കുടുംബവും സഹായികളും വൈകീട്ട് ഏഴുവരെ ബംഗളൂരു വിമാനത്താവളത്തില്‍തന്നെയായിരുന്നു. കഴിഞ്ഞ രണ്ടു തവണ മഅ്ദനി നാട്ടിലേക്കു പോയതും തിരികെ വന്നതും ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. ടിക്കറ്റ് എടുക്കുമ്പോഴും ബോര്‍ഡിങ് പാസ് നല്‍കിയപ്പോഴും ഇല്ലാത്ത എതിര്‍പ്പാണ് അവസാനനിമിഷം വിമാനക്കമ്പനി ഉയര്‍ത്തിയതെന്ന് സഹായികള്‍ ചൂണ്ടിക്കാട്ടി.
 മഅ്ദനിയുടെ കൂടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മഅ്ദനിക്കു വേണ്ടി സംസാരിക്കാന്‍ തയാറായില്ല. 2013ല്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ആയുധം കൊണ്ടുപോകുന്നതിന് കര്‍ണാടക പൊലീസ് അന്ന് അനുമതി വാങ്ങിയിരുന്നില്ല. ഭാര്യ സൂഫിയ മഅ്ദനി, മുഹമ്മദ് റജീബ്, സഹായികളായ കുഞ്ഞുമോന്‍, ഷാം നവാസ്, കര്‍ണാടക അസിസ്റ്റന്‍റ്  പൊലീസ് കമീഷണര്‍ ശാന്തകുമാരന്‍, ഒരു ഇന്‍സ്പെക്ടര്‍ എന്നിവരും മഅ്ദനിയോടൊപ്പം വിമാനത്തിലുണ്ടായിരുന്നു.
മഅ്ദനിയെ ബംഗളൂരുവില്‍തന്നെ തളച്ചിടാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് യഥാസമയം വിമാനത്തില്‍ കയറ്റാതിരുന്നതെന്ന് പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ആരോപിച്ചു.
സംഭവത്തില്‍ മഅ്ദനി വിമാനക്കമ്പനിക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുവും പി.ഡി.പി ജനറല്‍ സെക്രട്ടറിയുമായ  മുഹമ്മദ് റജീബ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.