സെന്‍കുമാറിനെ നീക്കിയത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി–സര്‍ക്കാര്‍

കൊച്ചി: ടി.പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയെന്ന് സര്‍ക്കാര്‍. കര്‍ത്തവ്യനിര്‍വഹണത്തിലെ നിരന്തര വീഴ്ച കണക്കിലെടുത്താണ് സ്ഥാനചലനമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സി.എ.ടി) നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരം പ്രകടന മികവ് വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുകയും സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റുകയുമാണ് ചെയ്തത്. ഇങ്ങനയല്ളെന്ന് ആരോപിച്ച് ട്രൈബ്യൂണലിനെ തെറ്റിദ്ധരിപ്പിക്കാനാണ് സെന്‍കുമാര്‍ ഇതിന് വിരുദ്ധമായ സത്യവാങ്മൂലം നല്‍കിയതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മറ്റൊരു വകുപ്പിന്‍െറ ചുമതലയുള്ള ഡി.ജി.പിയാക്കിയതുകൊണ്ട് ശമ്പളത്തില്‍ വ്യത്യാസം വരില്ല. ഇക്കാര്യത്തിലും തെറ്റിദ്ധരിപ്പിക്കുന്ന വിശദീകരണമാണ് പരാതിക്കാരന്‍േറത്.
പൂര്‍ണ ബോധ്യത്തോടെയാണ് സ്ഥലംമാറ്റം.പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍െറ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നത് അടിസ്ഥാനരഹിതമായ വാദമാണ്. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാനോ സ്ഥലം മാറ്റാനോ മുതിരാതെ അവരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ്  സര്‍ക്കാര്‍ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.