കോഴിക്കോട്: എം.പി-കലക്ടര്‍ തര്‍ക്കത്തില്‍ കലക്ടറെ കടന്നാക്രമിച്ച് ‘വീക്ഷണം’ ദിനപത്രത്തിന്‍െറ മുഖപ്രസംഗം. ഞായറാഴ്ച രാത്രിയോടെ ഫേസ്ബുക്കിലൂടെ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ ക്ഷമാപണം വന്നെങ്കിലും തിങ്കളാഴ്ച പുറത്തിറങ്ങിയ വീക്ഷണം പത്രത്തിലെ മുഖപ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് കലക്ടറെ വിമര്‍ശിക്കുന്നത്.
കലക്ടര്‍ക്ക് ജനാധിപത്യത്തോടുതന്നെ പുച്ഛമാണ്. കലക്ടര്‍ക്ക് കൊമ്പുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ മുറിക്കണം. ജനപ്രതിനിധിയുടെ വിശദീകരണങ്ങള്‍ക്ക് മറുപടിയായി മാപ്പും ബുള്‍സ് ഐയും പോസ്റ്റ് ചെയ്ത് കളിയാക്കുന്നത് ഊളത്തമാണ്. ഊളകള്‍ക്കിരിക്കാനുള്ള ഇടമല്ല ജില്ലാ കലക്ടര്‍ പദവി... എന്നിങ്ങനെ കടുത്ത ഭാഷയിലാണ് മുഖപ്രസംഗം. ബ്രിട്ടീഷ് ഭരണകാലംതൊട്ടുള്ള കലക്ടര്‍ എന്ന പദവിയെക്കുറിച്ച് പറഞ്ഞാണ് മുഖപ്രസംഗം തുടങ്ങുന്നത്. ‘ജനപ്രിയ സിനിമകള്‍ എന്നപേരിലറിയപ്പെടുന്ന തട്ടുതകര്‍പ്പന്‍ പടങ്ങളിലെ അമാനുഷിക കലക്ടറുടെയും കമീഷണറുടെയും റോളിലാണ് കോഴിക്കോട് കലക്ടര്‍ അഭിരമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളോടും ജനപ്രതിനിധികളോടും മാത്രമല്ല, ജനാധിപത്യ സംവിധാനത്തോടുപോലും കലക്ടര്‍ക്ക് പരമപുച്ഛമാണ്. ഏറ്റവും ചെറുതായി പ്രവര്‍ത്തിക്കുക, വലിയ മാധ്യമപ്രസിദ്ധി നേടുക, അതിനുവേണ്ടി കഴുതക്കാലു പിടിക്കാന്‍ മാത്രമല്ല, കഴുതയാകാനും അദ്ദേഹത്തിന് ഒരു മടിയുമില്ല...’ എന്നിങ്ങനെയാണ് രൂക്ഷവിമര്‍ശം. എം.പിയെ തകര്‍ക്കാനാണ് ഈ ഐ.എ.എസ് മദയാന ശ്രമിക്കുന്നതെന്നും സ്വന്തം പ്രശസ്തിയില്‍ ആത്മരതി നടത്തി ആസ്വദിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും എന്നാല്‍, മറ്റുള്ളവരെ കളങ്കിതരാക്കാന്‍ അധികാരമില്ളെന്നും വീക്ഷണം പറയുന്നു. മറ്റ് കലക്ടര്‍മാര്‍ക്കില്ലാത്ത കൊമ്പ് തനിക്കുണ്ടെന്ന് കോഴിക്കോട് കലക്ടര്‍ കരുതുന്നുണ്ടെങ്കില്‍ ആ കൊമ്പ് മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായേ മതിയാകൂവെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്തിനെ കോഴിക്കോട് നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. ചെന്നിത്തലയുടെ വിശ്വസ്തനായ പ്രശാന്തിനെതിരെയാണ് കോണ്‍ഗ്രസിന്‍െറ മുഖപത്രംതന്നെ രംഗത്തുവന്നിരിക്കുന്നത്. മാപ്പു പറഞ്ഞെങ്കിലും താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ വ്യക്തതവരാനുണ്ടെന്ന നിലപാടിലാണ് എം.കെ. രാഘവന്‍ എം.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.