കൊച്ചി: സോളാര്‍ കേസ് പ്രതി സരിതയുടെ അറസ്റ്റ് സംബന്ധിച്ച് മൊഴികളില്‍ വൈരുധ്യം. സോളാര്‍ കമീഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങളുമാണ് പരസ്പര വിരുദ്ധമായത്.
സരിതയെ വീടിന് സമീപം കാര്‍ തടഞ്ഞ് അറസ്റ്റുചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സോളാര്‍ വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന് മുമ്പാകെ മൊഴി നല്‍കിയത്. എന്നാല്‍, ഇടപ്പഴഞ്ഞിയിലെ വാടക വീട്ടില്‍നിന്ന് അറസ്റ്റുചെയ്തു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
അറസ്റ്റിന് നേതൃത്വം നല്‍കിയ മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ തിങ്കളാഴ്ച സോളാര്‍ കമീഷനില്‍ മൊഴി നല്‍കാനത്തെിയപ്പോഴാണ് അഭിഭാഷകന്‍ ഈ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയത്. അറസ്റ്റ് ചെയ്തത് വാടകവീട്ടില്‍ നിന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് ഇന്ത്യന്‍ ലോയേഴ്സ് യൂനിയന്‍ ജനറല്‍സെക്രട്ടറി ബി.രാജേന്ദ്രനാണ് ക്രോസ്വിസ്താരത്തിനിടെ ഉയര്‍ത്തിക്കാണിച്ചത്. സരിതയെ വീടിന് സമീപം വെച്ചാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റുചെയ്തതെന്നാണ് തിങ്കളാഴ്ച ഹരികൃഷ്ണനും കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്. ഇതോടെയാണ് പൊലീസ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍െറ കോപ്പി അഭിഭാഷകന്‍ ഉയര്‍ത്തിക്കാണിച്ചത്. ഇതിന് കൃത്യമായ വിശദീകരണമുണ്ടായില്ല.
സരിതയുടെ മാതാവ് ഇന്ദിരയുടെ സാന്നിധ്യത്തിലാണ് അറസ്റ്റ് എന്ന മൊഴിയും ഡിവൈ.എസ്.പി ആവര്‍ത്തിച്ചു. എന്നാല്‍, അറസ്റ്റുവിവരം ഇന്ദിരയെ ഫോണ്‍ ചെയ്ത് അറിയിച്ചു എന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍, അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിയിച്ചതിനെപ്പറ്റിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു മറുപടി. പെരുമ്പാവൂര്‍ സ്വദേശി സജാദില്‍നിന്നും സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അന്നത്തെ ഐ.ജി പത്മകുമാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് നടത്തിയത് എന്ന് ഹരികൃഷ്ണന്‍ മൊഴി നല്‍കി.
കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫില്‍പെട്ടവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളും ഇ -മെയില്‍ രേഖകളും ശേഖരിച്ചിട്ടില്ളെന്നും ഇതുസംബന്ധിച്ച് സരിതയെ ചോദ്യം ചെയ്തിട്ടില്ളെന്നും മൊഴി നല്‍കി. മറിച്ചായിരുന്നു സരിതയുടെ മൊഴി.
സരിതയെ അറസ്റ്റ് ചെയ്യാന്‍ അന്നത്തെ പെരുമ്പാവൂര്‍ എസ്.ഐ സുധീര്‍ മനോഹറിന് രേഖാമൂലം ഉത്തരവ് നല്‍കിയിരുന്നില്ല. സി.ആര്‍.പി.സി 46 (4) പ്രകാരം അസാധാരണമല്ലാത്ത സാഹചര്യമൊഴികെ രാത്രിയില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യണമെങ്കില്‍ അധികാരപരിധിയിലുള്ള കോടതിയുടെ അനുവാദം വേണമെന്ന് അറിയാം. എന്നാല്‍, സരിതയെ അറസ്റ്റ് ചെയ്യാന്‍ ഇപ്രകാരം മജിസ്ട്രേറ്റിന്‍െറ അനുമതി നേടിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.