12 പേര്‍ പോയത് തെഹ്റാനിലേക്ക്

കാസര്‍കോട്: കൂട്ട തിരോധാനത്തില്‍ പെട്ടവരില്‍ ഒമ്പതുപേര്‍ ഇറാന്‍ തലസ്ഥാനമായ  തെഹ്റാനിലേക്ക് കടന്നതായി ഇവരുടെ യാത്രാരേഖയില്‍ നിന്ന് വിവരം ലഭിച്ചതായി കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ. ബംഗളൂരു, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ഇവരുടെ പാസ്പോര്‍ട്ട് നമ്പറുകള്‍ രേഖപ്പെടുത്തിട്ടുള്ളത്. നാലു ബാച്ചുകളിലായാണ് ഇവര്‍ പോയതെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടത്രെ.
മുംബൈയില്‍ ഇന്‍റലിജന്‍സ് ബ്യൂറോ കണ്ടത്തെിയ ഇളമ്പച്ചി സ്വദേശി ഫിറോസ്ഖാനെ ചോദ്യം ചെയ്തതിന്‍െറയും രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയതിന്‍െറയും അടിസ്ഥാനത്തിലാണ് 12പേര്‍  തെഹ്റാനിലത്തെിയതായി തെളിഞ്ഞത്. എന്നാല്‍, ഇവര്‍ സിറിയയിലേക്ക് കടന്നതിന്‍െറ രേഖകള്‍ ലഭിച്ചിട്ടില്ല.  
മേയ് 24ന് കുവൈത്ത് എയര്‍വെയ്സ് വഴിയാണ് പടന്നയിലെ ഷിജാസ്, ഭാര്യ അജ്മല, മകന്‍ ഹയാന്‍ എന്നിവര്‍ തെഹ്റാനിലേക്ക് കടന്നതെന്ന് ബംഗളൂരുവിലെ വിമാനത്താവള രേഖയില്‍ കണ്ടത്തെി.  മൂന്നുദിവസം കഴിഞ്ഞാണ് പടന്നയിലെ അഷ്ഫാക്ക്, ഭാര്യ ഷാസിയ, ഇവരുടെ മകള്‍ ആയിഷ എന്നിവര്‍ മുംബൈ എയര്‍പോര്‍ട്ട്  വഴി തെഹ്റാനിലേക്ക് കടക്കുന്നത്. പടന്നയിലെ ഹഫിസുദ്ദീന്‍, മര്‍വാന്‍, മര്‍ഷാദ് എന്നിവര്‍ ഹൈദരാബാദ് വഴിയാണ് തെഹ്റാനിലേക്ക് കടന്നതെന്ന് രേഖകളില്‍ കാണുന്നു. ഡോ. ഇജാസ്, ഭാര്യ റിഫൈല എന്നിവര്‍ ബംഗളൂരുവില്‍നിന്ന് ഒമാന്‍ വഴി ഇറാന്‍ തലസ്ഥാനത്തേക്ക് കടന്നതായാണ് യാത്രാരേഖകള്‍ വ്യക്തമാക്കുന്നതെന്നാണ് ഐ.ബി റിപ്പോര്‍ട്ട്.  

ഐ.ബിയുടെ അന്വേഷണം നീങ്ങുന്നതിനനുസരിച്ച് ദുരൂഹതയും ഏറുകയാണ്.  ഐ.എസ്.ഐ.എസ് എന്നപദം  കടന്നുകൂടിയതാണ് സംഭവത്തെ ‘തീവ്ര’മാക്കിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. തെഹ്റാനിലേക്ക് കടന്നതായ യാത്രാരേഖകള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹതയിലേക്ക് എത്തിച്ചിട്ടുണ്ട്. ഐ.എസിന്‍െറ ശത്രുപക്ഷത്താണ് ഇറാന്‍. പോയവരുടെ ലക്ഷ്യം സിറിയ ആണെങ്കില്‍ തെഹ്റാന്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടോയെന്ന സംശയവും ഉയരുന്നു.

കാണാതായവരുമായി ബന്ധമുള്ളയാള്‍ എന്ന നിലയില്‍  മുംബൈയില്‍ കസ്റ്റഡിയിലായ തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ്ഖാനെ   ചോദ്യം ചെയ്തുവരുകയാണ്.  പെരുന്നാളിന് ഏതാനും ദിവസം മുമ്പ് കോഴിക്കോട് പള്ളിയില്‍ ഇഅ്തികാഫിനു (ഭജനമിരിക്കല്‍) വേണ്ടി പോകുന്നുവെന്ന് പറഞ്ഞാണത്രെ ഫിറോസ്ഖാന്‍ വീടുവിട്ടത്. പിന്നീട് മാര്‍ച്ച് അഞ്ചിന് ലാന്‍ഡ് ഫോണില്‍ വിളിച്ച് താന്‍ മുംബൈയിലാണെന്ന് അറിയിച്ചത്.

അടുത്തുള്ള മറ്റു ചിലരെയും കാണുന്നില്ലല്ളോയെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ കുറച്ചുപേര്‍ സിറിയയിലേക്ക് പോയി എന്ന് പറഞ്ഞുവത്രെ. ഈ വിളിയെ അന്വേഷണ സംഘം പിന്തുടര്‍ന്നപ്പോഴാണ് മുംബൈ ഡോംഗ്രിയില്‍ സമ്പന്നര്‍ താമസിക്കുന്ന സ്ഥലത്ത് ഫിറോസ്ഖാന്‍ ഉള്ളതായി വിവരം ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.