സംസ്ഥാനത്തെ വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് കര്‍മപരിപാടി

തിരുവനന്തപുരം: നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കര്‍മപരിപാടി നടപ്പാക്കുന്നു. പട്ടികകളിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാനും മരിച്ചവരുടെയും സ്ഥലംമാറിയവരുടെയും പേരുകള്‍ നീക്കംചെയ്യാനും തെറ്റ് തിരുത്താനുമാണ് നടപടി. പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ നിശ്ചിത സമയത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

ഇരട്ടിപ്പ് സാധ്യതയുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കണ്ടത്തെി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നല്‍കും. ബൂത്തുതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവ പരിശോധിച്ച് ഇരട്ടിപ്പ് കണ്ടത്തെുന്നവ നീക്കംചെയ്യും. മരിച്ചവരുടെയും താമസംമാറിയവരുടെയും വിവരങ്ങളും ഇതോടൊപ്പം ശേഖരിച്ച് ചട്ടങ്ങള്‍ക്കനുസൃതമായി നീക്കംചെയ്യും. 2011ലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ നിലവിലെ വോട്ടര്‍ പട്ടികയുടെ ഗുണനിലവാരവും ന്യൂനതകളും പരിഹരിക്കും. പട്ടികയിലെ ഇരട്ടിപ്പുകള്‍, തെറ്റുകള്‍ എന്നിവ സ്വയം വെളിപ്പെടുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ പ്രചാരണം നടത്തും.

തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റിലെ നാഷനല്‍ വോട്ടേഴ്സ് സര്‍വിസ് പോര്‍ട്ടലിലും (എന്‍.വി.എസ്.പി) മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പ്രത്യേക സൗകര്യമൊരുക്കും. ഓരോ ബൂത്തിന്‍െറയും പട്ടികയിലെ സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, സ്ഥലം മാറിയവര്‍ എന്നിവരുടെ വിവരങ്ങള്‍ ബൂത്തുതല ഉദ്യോഗസ്ഥര്‍ മുഖേന ശേഖരിക്കും. പട്ടികയില്‍നിന്ന് നീക്കം ചെയ്യേണ്ടതായി കണ്ടത്തെുന്നവരുടെ വിവരങ്ങള്‍ അടങ്ങുന്ന ലിസ്റ്റ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിന്‍െറ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കും.

പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടേണ്ട ആളുകളുടെ ലിസ്റ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുതല ഏജന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ദിഷ്ട തീയതികളില്‍ സംയുക്ത യോഗംചേര്‍ന്ന് പരിശോധിച്ച ശേഷം അന്തിമ ലിസ്റ്റ് തയാറാക്കും. തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചശേഷം അത്തരം പേരുകള്‍ നീക്കംചെയ്യുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.