സരിതയെ മുന്‍മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അര്‍ധരാത്രിയില്‍ ഉള്‍പ്പെടെ 185 തവണ വിളിച്ചു

കൊച്ചി: മുന്‍മന്ത്രി എ.പി. അനില്‍കുമാറിന്‍െറ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി നസറുല്ല അര്‍ധരാത്രിയില്‍ ഉള്‍പ്പെടെ സരിത എസ്. നായരുമായി ഫോണില്‍ വിളിച്ചത് 185 തവണ.  സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ നസറുല്ലയെ വിസ്തരിക്കുന്നതിനിടെയാണ് കമീഷന്‍ അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 1,000 സെക്കന്‍ഡില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ആറ് കാളുകള്‍ സരിതയുമായി അര്‍ധരാത്രിയില്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ളതായി ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന്‍െറ ചോദ്യത്തിന് മറുപടിയായി നസറുല്ല സമ്മതിച്ചു. ഈ ആറു കാളുകളില്‍ നാലെണ്ണം നസറുല്ല സരിതയെ അങ്ങോട്ട് വിളിച്ചതാണ്.
 2012 ജൂണ്‍ നാലുമുതല്‍ 2013 മേയ് എട്ടുവരെ നസറുല്ല മൊത്തം 164 ഫോണ്‍കാളുകള്‍ നടത്തിയതായി കമീഷന്‍ അഭിഭാഷകന്‍ പറഞ്ഞു. ഇതില്‍ 73 കാളുകള്‍ നസറുല്ലയാണ് വിളിച്ചത്. 2012 ജൂലൈ 27ന് രാത്രി 9.36 മുതല്‍ അര്‍ധരാത്രി ഒരു മണിവരെ നാലു കാളുകളിലായി 40 മിനിറ്റോളം സംസാരിച്ചതായി നസറുല്ല സമ്മതിച്ചു. സരിതയുടെ മറ്റൊരു ഫോണ്‍  നമ്പറിലേക്ക് 2012 സെപ്റ്റംബര്‍ 17 മുതല്‍ 2013 മാര്‍ച്ച് അഞ്ചുവരെയുള്ള കാലയളവില്‍ 21 കാളുകള്‍ നടത്തിയിട്ടുള്ളതായി കമീഷന്‍ അഭിഭാഷകന്‍ അഡ്വ. സി. ഹരികുമാര്‍ വ്യക്തമാക്കി.
പകല്‍സമയങ്ങളില്‍ ഒൗദ്യോഗിക തിരക്കുകളുള്ളതിനാലാണ് രാത്രി സരിതയുമായി സംസാരിച്ചതെന്നാണ് നസറുല്ലയുടെ വിശദീകരണം. 
അവര്‍ തട്ടിപ്പുകാരിയാണെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല. രണ്ടുതവണ സരിതയെ നേരില്‍ കണ്ടിട്ടുണ്ട്. മന്ത്രിയായിരിക്കെ എ.പി. അനില്‍കുമാറുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെട്ട് 2012ലാണ് ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത ആദ്യമായി തന്നെ ഫോണില്‍ വിളിക്കുന്നത്. മലപ്പുറത്തും കോഴിക്കോടും ടീം സോളാറിന്‍െറ ജില്ലാതല ഓഫിസിന്‍െറ ഉദ്ഘാടനം ടൂറിസം മന്ത്രിയെക്കൊണ്ട് നിര്‍വഹിപ്പിക്കണമെന്ന ആവശ്യവുമായാണ് അവര്‍ രണ്ടുതവണ തന്നെ നേരില്‍ വന്നുകണ്ടത്. എന്നാല്‍, മന്ത്രിയുടെ ഒൗദ്യോഗിക തിരക്കുകളാല്‍ ഉദ്ഘാടനത്തിന് പറ്റിയ തീയതി നല്‍കാന്‍ സാധിച്ചില്ല. സരിത പല തവണ മന്ത്രിയുടെ ഡേറ്റിനായി തന്നെ വിളിച്ചിട്ടുണ്ട്. പലതവണ തിരിച്ചും വിളിച്ചു. ഇക്കാര്യത്തിനായി ബിജു രാധാകൃഷ്ണന്‍ മന്ത്രിയെയോ തന്നെയോ നേരിട്ടോ ഫോണിലോ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ടീം സോളാര്‍ കമ്പനി 2011നുശേഷം ഒരു ജില്ലയിലും എനര്‍ജി മാര്‍ട്ടുകള്‍ തുടങ്ങിയിട്ടില്ളെന്ന വസ്തുത കമീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തന്‍െറ നമ്പറിലേക്ക് സരിത വിളിച്ച മിക്ക കാളുകളും ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് നസറുല്ല പറഞ്ഞു. സരിതയുടെ രഹസ്യകത്തില്‍ തന്നെക്കുറിച്ച പരാമര്‍ശങ്ങള്‍ തെറ്റാണെന്നും മൊഴി നല്‍കി. 
 ടീം സോളാര്‍ കമ്പനിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ചാനല്‍ പാര്‍ട്ണര്‍ ആവുകയെന്നത് നിര്‍ബന്ധമാണെന്നുപറഞ്ഞ് സരിതയെ കെ.സി. വേണുഗോപാലും എ.പി. അനില്‍കുമാറും നസറുല്ലയും മോശമായി ഉപയോഗപ്പെടുത്തിയെന്ന ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന്‍െറ വാദം നസറുല്ല അംഗീകരിച്ചില്ല. എന്നാല്‍, അത്തരം നടപടികളുടെ പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകളാണ് കമീഷനു ലഭിച്ച ഫോണ്‍കാള്‍ രേഖകളെന്ന് അഡ്വ. ബി. രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.