എക്സൈസ് വിഭാഗം ക്രൈംബ്രാഞ്ച് രൂപവത്കരിക്കും –ഋഷിരാജ് സിങ്

തൃശൂര്‍: അബ്കാരി, മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് വിഭാഗം രൂപവത്കരിക്കാന്‍ അനുമതി ലഭിച്ചതായി എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് . ഇതിലേക്ക് 48 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ശിപാര്‍ശ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം എക്സൈസ് അക്കാദമിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രധാന അഞ്ച് ചെക്പോസ്റ്റുകളില്‍ ടണല്‍ മാതൃകയിലുള്ള ആധുനിക സ്കാനറുകള്‍ ഉടന്‍ സ്ഥാപിക്കും. മഞ്ചേശ്വരം, മുത്തങ്ങ, വാളയാര്‍, ആര്യങ്കാവ്, അമരവിള ചെക്പോസ്റ്റുകളിലാണ് ഇവ സ്ഥാപിക്കുക. അഞ്ച് ജില്ലകളില്‍ എക്സൈസിന് പ്രത്യേക വാച്ച്ടവറുകള്‍ നിര്‍മിക്കും. കേസുകളില്‍ സ്ത്രീകള്‍ പ്രതിയാകുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനയില്‍ വനിതാ ഗാര്‍ഡുകളുടെ എണ്ണം 400 ആക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ വനിതാ ഗാര്‍ഡുകള്‍ 264പേരാണ്. സേനയിലേക്ക് 350ഓഫിസര്‍മാരെ കൂടുതല്‍ നിയമിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ വിഭാഗത്തിലും ചെക്പോസ്റ്റുകളിലും അംഗബലം വര്‍ധിപ്പിക്കാനാണിത്. സേനയുടെ ഇപ്പോഴത്തെ അംഗബലം 5100 ആണ്. ബാര്‍ പൂട്ടിയതോടെ കഞ്ചാവ് ഉപയോഗം 75ശതമാനം വര്‍ധിച്ചതായി കമീഷണര്‍ പറഞ്ഞു.
 പിടിക്കുന്ന കഞ്ചാവിന്‍െറ അളവ് കിലോയില്‍ താഴെയാണെങ്കില്‍ വേഗം ജാമ്യം കിട്ടുന്നത് ഒഴിവാക്കാന്‍ കര്‍ശന വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ട്. സ്കൂള്‍ പരിസരത്ത് നിന്നാണെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തും. നിരോധിത പാന്‍മസാലകള്‍ വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ നിലവിലെ പിഴത്തുക വര്‍ധിപ്പിക്കും. ലഹരിവില്‍പന എക്സൈസിന്‍െറ ശ്രദ്ധയില്‍പെടുത്തുന്നവര്‍ക്ക് അവര്‍ നല്‍കുന്ന വിവരപ്രകാരം കേസെടുത്താല്‍ 5000രൂപ പാരിതോഷികം നല്‍കും. ലഹരിയുടെ വില്‍പനയിലും ഉപയോഗത്തിലും ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതായി അദ്ദേഹം പറഞ്ഞു.

കേരളം ലഹരിയുടെ പിടിയില്‍; മുന്നറിയിപ്പുമായി കമീഷണര്‍
തൃശൂര്‍: കേരളം ലഹരിയൊഴുക്കിന്‍െറ കേന്ദ്രമാകുന്നതായി എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. ലഹരി ഉപയോഗത്തില്‍ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. ആദ്യ മൂന്ന് നഗരങ്ങളില്‍ ഒന്ന് കൊച്ചിയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ വിവിധ ജില്ലകളില്‍ നേരിട്ട് സന്ദര്‍ശിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന്‍െറ ഗൗരവും ബോധ്യപ്പെടുത്തുകയും കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തതായും അറിയിച്ചു. ജൂണ്‍ എട്ട് മുതല്‍ ജൂലൈ 14വരെ 15007 പരിശോധനകള്‍ നടത്തി. 3226 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3165 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് 368 കേസടുത്തു. 398പേരെ അറസ്റ്റ് ചെയ്തു.

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയതിനും വില്‍പന നടത്തിയതിനും 4706 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 882600രൂപ പിഴയീടാക്കി. 1894.502 ലിറ്റര്‍ വ്യാജ മദ്യംപിടിച്ചെടുത്തു.10751 കള്ള് ഷാപ്പുകള്‍ പരിശോധിച്ചു.  106.574 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 659 ബോധവത്കരണ ക്ളാസുകളും 464 പഞ്ചായത്ത് യോഗങ്ങളും ലഹരിക്കെതിരെ നടത്തിയതായും അദ്ദേഹം അറിയിച്ചു. വ്യാജമദ്യം, ലഹരിമരുന്ന് വില്‍പന, പാന്‍മസാല വില്‍പന എന്നിവ തടയാന്‍ മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് അന്വേഷണ സംഘം രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.