മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: കായംകുളത്തെ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടേക്കും

കായംകുളം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത. സംസ്ഥാനത്തെ സമാന സ്വഭാവമുള്ള കേസുകള്‍ ക്രൈംബാഞ്ചിന് വിട്ട സാഹചര്യത്തിലാണിത്.
കായംകുളം യൂനിയന്‍ പരിധിയിലെ സ്വയംസഹായ സംഘങ്ങള്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളി നടേശന്‍, കായംകുളം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് വേലഞ്ചിറ സുകുമാരന്‍, വൈസ് പ്രസിഡന്‍റ് അനില്‍കുമാര്‍, സെക്രട്ടറി പ്രദീപ്ലാല്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കായംകുളം യൂനിയന്‍െറ പരിധിയില്‍ മൈക്രോ ഫിനാന്‍സിന്‍െറ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ആക്ഷേപം. യൂനിയന്‍ ഓഫിസില്‍ അടച്ച തുക ബാങ്കില്‍ യഥാസമയം അടക്കാതെയാണ് തട്ടിപ്പ് നടന്നത്. സംഘം അംഗങ്ങള്‍ക്ക് ബാങ്ക് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം വിവാദമായത്.

യൂനിയന്‍ ഓഫിസില്‍ നല്‍കിയ തുക ബാങ്കില്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് യൂനിയന്‍ ഓഫിസിന് മുന്നില്‍ നിരവധി തവണ സമരം നടന്നിരുന്നു. എന്നിട്ടും പരിഹാരമാകാതായതോടെയാണ് എരുവ കിഴക്ക് വയല്‍വാരം, കീരിക്കാട് ഗുരുസായുജ്യം സംഘം, ആര്‍. ശങ്കര്‍ സ്മാരക സംഘം എന്നിവയുടെ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയത്. നേരത്തേ ചേരാവള്ളി ഗുരുകാരുണ്യം യൂനിറ്റ് പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യിക്കാതിരിക്കാനുള്ള ഇടപെടലുകളാണ് യൂനിയന്‍ ഭാരവാഹികള്‍ ഇപ്പോള്‍ നടത്തുന്നത്. പരാതിയുമായി രംഗത്തുവന്നവരുടെ തുക തിങ്കളാഴ്ച തിരികെ നല്‍കാമെന്നാണ് വാഗ്ദാനം. അതേസമയം, നേതാക്കളില്‍നിന്നുള്ള സമ്മര്‍ദവും ഭീഷണിയുമാണ് പലരും പരാതി നല്‍കാതിരിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കനറാ ബാങ്ക് എന്നിവിടങ്ങളില്‍നിന്നാണ് സംഘങ്ങള്‍ക്ക് വായ്പ നല്‍കിയിരിക്കുന്നത്. ഇതില്‍ ഓവര്‍സീസ് ബാങ്കില്‍നിന്നുള്ള നടപടികള്‍ യൂനിയന്‍ നല്‍കിയ കേസിന്‍െറ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കനറാ ബാങ്കില്‍നിന്ന് നടപടി നോട്ടീസ് ലഭിച്ചവരാണ് പരാതിയുമായി രംഗത്തുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.