തൃശൂര്‍: പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് അനധികൃത സമ്പാദ്യമുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വരുമാനത്തെക്കാള്‍ മൂന്നിരട്ടിയിലധികം സൂരജ് സമ്പാദിച്ചതായും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് ലോകായുക്തക്ക് സമര്‍പ്പിച്ചു. പൊതുപ്രവര്‍ത്തകനും മലയാളവേദി പ്രസിഡന്‍റുമായ ജോര്‍ജ് വട്ടുകുളത്തിന്‍െറ ഹരജിയിലാണ് ലോകായുക്ത വിജിലന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് സെപ്റ്റംബര്‍ 27ലേക്ക് മാറ്റി.
അന്വേഷണത്തിന്‍െറ ഒരു ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കോടികളുടെ സമ്പാദ്യം കണ്ടത്തെിയെന്നും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വരുമാനത്തിന്‍െറ മൂന്നിരട്ടി സ്വത്ത് സമ്പാദിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിന് കത്ത് നല്‍കിയതിനിടക്കാണ് ലോകായുക്തക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും മംഗളൂരുവിലും അനധികൃത സ്വത്ത് കണ്ടത്തെിയിട്ടുണ്ട്. ഇവിടെയെല്ലാം ഭാര്യയുടെയും മൂന്നു മക്കളുടെയും പേരില്‍ ഭൂമിയും ഫ്ളാറ്റുകളുമുണ്ട്. ആറ് ആഡംബര കാറുകളുണ്ട്. മകന്‍െറ പേരില്‍ മംഗലാപുരത്ത് ആഡംബര ഫ്ളാറ്റുണ്ട്. കൊച്ചിയില്‍ സ്വന്തം പേരില്‍ കോടികളുടെ ഭൂമിയും ഗോഡൗണുമുണ്ട്. തിരുവനന്തപുരത്തെ വീട്ടിലെ പരിശോധനയില്‍ 22.62 ലക്ഷവും 1513 യു.എസ് ഡോളറും രണ്ട് സിംഗപ്പൂര്‍ ഡോളറും കണ്ടെടുത്തു. ഇതോടൊപ്പം കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ ടെന്‍ഡറുകളില്‍ ക്രമക്കേട് നടത്തിയതായും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.
വിവിധ പരാതികളിലായി എറണാകുളത്തെ കോടതികളില്‍ കേസുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2004 മുതല്‍ 2014 വരെയുള്ള പത്തു വര്‍ഷത്തെ വരുമാനവും ഈ കാലയളവില്‍ സമ്പാദിച്ച സ്വത്തുമാണ് വിജിലന്‍സ് പരിശോധിച്ചത്. കണ്ടെടുത്തതിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ സൂരജിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസുണ്ട്. സിഡ്കോയില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ സൂരജിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുവരെ സൂരജിന്‍െറ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതിയും ആവശ്യമുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങാനിരിക്കുകയാണ് വിജിലന്‍സ്. ലോകായുക്തയിലെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.