സാമ്പത്തിക ഉപദേഷ്ടാവിന്‍െറ നിയമനം; പാര്‍ട്ടി കേന്ദ്ര നേതൃത്വം വിശദീകരണം തേടി

ന്യൂഡല്‍ഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍നിന്ന് വിശദീകരണം തേടിയതായാണ് വിവരം. ഗീതാ ഗോപിനാഥിന്‍െറ നിയമനത്തിനെതിരെ ഇടതുപക്ഷ സാമ്പത്തിക വിദഗ്ധനും മുന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ പ്രഭാത് പട്നായിക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെടുന്നത്.

ഉദാരീകരണവും സ്വകാര്യവത്കരണവും കമ്പോള മുതലാളിത്തവുമെല്ലാം ശക്തമായി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഗീതാ ഗോപിനാഥിന്‍േറത്. ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന മോദി സര്‍ക്കാറിന്‍െറ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് അനുകൂലമാണ് അവര്‍. വളം, സബ്സിഡി, താങ്ങുവില തുടങ്ങിയ ഇനങ്ങളിലുള്ള ചെലവ് വെട്ടിച്ചുരുക്കണമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന്‍െറ നിലപാടിന് നേര്‍വിപരീതമാണിത്. ഇങ്ങനെയൊരാള്‍ ഇടതു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആകുന്നതിന്‍െറ വൈരുധ്യം സംബന്ധിച്ച ചോദ്യത്തില്‍ കഴമ്പുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍െറ പൊതുവെയുള്ള നിലപാട്.

പിണറായി ഗ്രൂപ്പുമായി അടുത്തുനില്‍ക്കുന്ന കാരാട്ട് പക്ഷവും ഗീതാ ഗോപിനാഥിന്‍െറ സാമ്പത്തിക നിലപാടുകള്‍ അംഗീകരിക്കുന്നവരല്ല. ഉദാരീകരണത്തിന്‍െറ ആളുകളില്‍നിന്ന് ഉപദേശം സ്വീകരിച്ചാല്‍ ബദല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ളെന്നാണ് പ്രഭാത് പട്നായിക് പ്രതികരിച്ചത്. പ്രബുദ്ധരായ കേരളീയര്‍ക്ക് മുന്നില്‍ ഇത്തരം ഉപദേശങ്ങള്‍ നിലനില്‍ക്കില്ല. മോദിയുടെ വികസന നയമല്ല ഇടതു സര്‍ക്കാര്‍ പിന്തുടരേണ്ടത്.  മുതലാളിത്ത വികസനത്തിനുള്ള മധ്യവര്‍ഗ സമ്മര്‍ദം അതിജീവിക്കണം. വന്‍കിട നിക്ഷേപമല്ല, സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പട്നായിക് പറഞ്ഞു.

പരസ്യമായി പ്രതികരിച്ചിട്ടില്ളെങ്കിലും പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള ഇടതു അനുകൂല സാമ്പത്തിക വിദഗ്ധര്‍ക്കും സമാനനിലപാടാണുള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തിക ഉപദേഷ്ടാവിന്‍െറ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിണറായിക്ക് കേന്ദ്ര നേതൃത്വത്തില്‍നിന്ന് പിന്തുണ കിട്ടാനിടയില്ല. വിഷയം പി.ബി യോഗത്തില്‍ ചര്‍ച്ചക്ക് വരും. പി.ബി അംഗമായ പിണറായി വിജയന്‍ തന്‍െറ തീരുമാനത്തിന് പി.ബിയില്‍ വിശദീകരണം നല്‍കേണ്ടിയും വരും. സാമ്പത്തിക ഉപദേഷ്ടാവിനെ മാറ്റാനുള്ള നിര്‍ദേശം പി.ബിയില്‍ നിന്ന് ഉണ്ടാകുമോയെന്നാണ് ഇടതുകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.