വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം –വെല്‍ഫെയര്‍ പാര്‍ട്ടി

കൊച്ചി: വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. അവശ്യ വസ്തുക്കളുടെ വില വന്‍തോതില്‍ വര്‍ധിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം അരി വില കിലോക്ക് നാല് രൂപയിലേറെയാണ് വര്‍ധിച്ചത്. പരിപ്പ്, ചെറുപയര്‍, കടല തുടങ്ങിയവയുടെ വിലയും കുതിച്ചുകയറി. പച്ചക്കറി-പഴവര്‍ഗങ്ങളുടെ വില വര്‍ധനയും തുടരുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
പൊതുവിതരണ മേഖലയാകെ തകര്‍ച്ചയിലാണ്. മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. വില നിയന്ത്രണത്തില്‍ നിര്‍ണായക പങ്കുവഹിക്കാറുള്ള കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയും കെടുകാര്യസ്ഥതയും മൂലം തകര്‍ന്ന അവസ്ഥയിലാണ്. രക്ഷപ്പെടുത്തല്‍ നടപടികളൊന്നും സര്‍ക്കാറില്‍നിന്നുണ്ടാവുന്നില്ല.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാക്കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ്. ഓണക്കാലത്ത് വില ഇനിയും കുതിച്ചുയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ഇത് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും. വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമൊക്കെ ചെലവാക്കേണ്ട തുകകൂടി ഭക്ഷണത്തിനായി മാറ്റിവെക്കേണ്ട അവസ്ഥയിലാണ് ഇടത്തരക്കാര്‍. മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. വില നിയന്ത്രണ അതോറിറ്റി രൂപവത്കരിച്ച് വിലക്കയറ്റം ശാശ്വതമായി പിടിച്ചുനിര്‍ത്താനുള്ള ദീര്‍ഘകാല പദ്ധതികളും ആവിഷ്കരിക്കണം.
വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലം കേന്ദ്രങ്ങളില്‍ ഈ മാസം 29ന് വെള്ളം തിളപ്പിക്കല്‍ സമരം നടത്തും. വിലക്കയറ്റത്തെ നിയന്ത്രിക്കാത്ത സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജില്ലാ വൈസ് പ്രസിഡന്‍റ് സോമന്‍ ജി. വെണ്‍പുഴശേരി, ജില്ലാ സെക്രട്ടറി കെ.എ. സദീഖ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.