സാങ്കേതിക സര്‍വകലാശാല ബി.ടെക് ഇയര്‍ ഒൗട്ട്; വ്യവസ്ഥയില്‍ ഈ വര്‍ഷം ഇളവ്

തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ ബി.ടെക് വിദ്യാര്‍ഥികളുടെ ഇയര്‍ ഒൗട്ട് വ്യവസ്ഥയില്‍ ഇളവ് വരുത്തി ഉത്തരവ്. വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സര്‍വകലാശാല വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയെ തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷത്തേക്ക് മാത്രം ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. സര്‍വകലാശാലാ നിയമപ്രകാരം ആദ്യ രണ്ട് സെമസ്റ്ററിലെ 47 ക്രെഡിറ്റുകളില്‍ 35 എണ്ണം വിജയിക്കാത്തവരെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശിപ്പിക്കില്ല. ചര്‍ച്ചയില്‍ ഈ വര്‍ഷത്തേക്ക് മാത്രം 26 ക്രെഡിറ്റുകള്‍ വിജയിച്ചാല്‍ മതിയെന്ന് ഇളവ് വരുത്തി. എന്നാല്‍, ഇയര്‍ ഒൗട്ട് പൂര്‍ണമായും എടുത്തുകളയണമെന്ന ആവശ്യം സര്‍വകലകാശാല അധികൃതര്‍ അംഗീകരിച്ചില്ല.
ആദ്യ രണ്ട് സെമസ്റ്ററിലെ ക്രെഡിറ്റുകള്‍ വിജയിക്കാന്‍ മൂന്നാം സെമസ്റ്ററിന് മുമ്പ് മൂന്ന് അവസരം നല്‍കുമെന്ന സര്‍വകലാശാല റെഗുലേഷനിലെ വ്യവസ്ഥ ഇത്തവണ പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് വിജയിക്കേണ്ട ക്രെഡിറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് സപ്ളിമെന്‍ററി പരീക്ഷാ അവസരത്തിനു പകരം രണ്ട് അവസരമാണ് നല്‍കിയത്.

ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം നടപ്പാക്കാനുള്ള പശ്ചാത്തലത്തിലായിരുന്നു മൂന്ന് സപ്ളിമെന്‍ററി അവസരം സര്‍വകലാശാല ഉറപ്പുനല്‍കിയിരുന്നത്. സ്വകാര്യ ഏജന്‍സിയുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഓണ്‍ലൈന്‍ പരീക്ഷാരീതി വിദ്യാര്‍ഥി-അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വകലാശാല വേണ്ടെന്ന് വെച്ചതോടെയാണ് മൂന്ന് അവസരം നല്‍കാന്‍ സമയം ലഭിക്കാതെ വന്നത്.
ഓണ്‍ലൈന്‍ പരീക്ഷ പൂര്‍ത്തിയായി ഒരാഴ്ചക്കകം ഫലം കൊണ്ടുവരുന്ന രീതിയാണ് എതിര്‍പ്പിനെ തുടര്‍ന്ന് സാമ്പ്രദായിക രീതിയിലേക്ക് മാറ്റേണ്ടിവന്നത്. ഇയര്‍ ഒൗട്ട് പിന്‍വലിക്കണമെന്ന് ആദ്യം നിലപാട് സ്വീകരിച്ച വിദ്യാഭ്യാസ വകുപ്പ് തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. എസ്.എഫ്.ഐ ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകള്‍ ഇയര്‍ ഒൗട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം നടന്ന ചര്‍ച്ചയിലാണ് വ്യവസ്ഥയില്‍ ഇളവുവരുത്താന്‍ ധാരണയായത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച സര്‍വകലാശാലാ അധികൃതര്‍ ഉത്തരവിറക്കുകയും ചെയ്തു. 26 ക്രെഡിറ്റ് ആയി ഇളവ് വരുത്തുന്നതോടെ പരീക്ഷ എഴുതിയവരില്‍ 85 ശതമാനം വിദ്യാര്‍ഥികളും മൂന്നാം സെമസ്റ്ററിലേക്ക് യോഗ്യത നേടുമെന്നാണ് സര്‍വകലാശാല കണക്കാക്കുന്നത്. സപ്ളിമെന്‍ററി പരീക്ഷ പൂര്‍ത്തിയായപ്പോഴും ഒരു പേപ്പര്‍ പോലും വിജയിക്കാത്ത രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ഉണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.