ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കുന്നതില്‍ അതൃപ്തി അറിയിച്ച് വി.എസ് നല്‍കിയ കത്ത് ഞായറാഴ്ച പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തിന്‍െറ പകര്‍പ്പ് പി.ബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. പി.ബിയിലെ ആദ്യദിനം വി.എസിന്‍െറ കത്ത് ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ല. കൊല്‍ക്കത്ത പാര്‍ട്ടി പ്ളീനം തയാറാക്കിയ രേഖപ്രകാരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ രൂപരേഖ തയാറാക്കുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് ശനിയാഴ്ച നടന്നത്.
ഗീതാ ഗോപിനാഥിനെ പോലുള്ള ഒരാളെ ഉപദേശകസ്ഥാനത്ത് പ്രതിഷ്ഠിച്ചതില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. വി.എസുമായി അടുപ്പമുള്ള യെച്ചൂരി മാത്രമല്ല, പിണറായിക്കൊപ്പം നില്‍ക്കുന്ന പ്രകാശ് കാരാട്ട് വിഭാഗവും ഗീതാ ഗോപിനാഥിന്‍െറ കാര്യത്തില്‍ തൃപ്തരല്ല. തീരുമാനത്തില്‍ മാറ്റമില്ളെന്ന് പിണറായി ഉറച്ച നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഗീതാ ഗോപിനാഥിനെ മാറ്റാന്‍ പി.ബി നിര്‍ദേശിച്ചാല്‍ സംസ്ഥാന നേതൃത്വവുമായി ഉരസലിന് വഴിയൊരുക്കും.
കോണ്‍ഗ്രസ് ബാന്ധവത്തിന്‍െറ കാര്യത്തില്‍ ബംഗാള്‍ ഘടകവും കേന്ദ്രനേതൃത്വവും ഉടക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളഘടകത്തെക്കൂടി പിണക്കുന്ന നിര്‍ദേശം പി.ബിയില്‍നിന്ന് ഉണ്ടാകാന്‍ സാധ്യതയില്ല. ഉപദേശം സ്വീകരിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ സമീപനം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് സാധ്യത.
ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം, ബി.ജെ.പിയുടെ ഫാഷിസ്റ്റ് സ്വഭാവം സംബന്ധിച്ചുള്ള കാരാട്ടിന്‍െറയും യെച്ചൂരിയുടെയും വ്യത്യസ്ത വീക്ഷണങ്ങള്‍ എന്നിവയും ഞായറാഴ്ച ചര്‍ച്ചയാകും. ഈ വിഷയത്തില്‍ പാര്‍ട്ടി സഹയാത്രികനും ചരിത്രകാരനുമായ പ്രഫ. ഇര്‍ഫാന്‍ ഹബീബ് നല്‍കിയ കത്തും പി.ബിയുടെ മുമ്പാകെയുണ്ട്. ബംഗാളിലെ തകര്‍ച്ചയും ദേശീയപാര്‍ട്ടി പദവിപോലും അപകടത്തിലാക്കുംവിധം ലോക്സഭയിലെ സാന്നിധ്യം ചുരുങ്ങിപ്പോയതുമായ സാഹചര്യത്തില്‍നിന്നുള്ള തിരിച്ചുവരവിനുള്ള മാര്‍ഗങ്ങളാണ് കൊല്‍ക്കത്ത പാര്‍ട്ടി പ്ളീനം ചര്‍ച്ച ചെയ്തത്. കേന്ദ്രനേതൃത്വത്തില്‍ വരുത്താന്‍ പ്ളീനം രേഖ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍ തയാറാക്കുന്നതിനുള്ള ചര്‍ച്ചയാണ് പി.ബിയില്‍ നടക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.