തിരുവനന്തപുരം: കളിച്ചുല്ലസിച്ച അവധിക്കാലത്തിന് വിടനല്‍കി സംസ്ഥാനത്തെ കുരുന്നുകള്‍ ബുധനാഴ്ച വീണ്ടും അക്ഷരമുറ്റത്തത്തെുന്നു. പുത്തനുടുപ്പുകളും പുതിയ പുസ്തകങ്ങളുമായി ഇനിയുള്ള നാളുകളില്‍ പഠനപ്രവര്‍ത്തനങ്ങളിലേക്ക്. ഇത്തവണ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നാം ക്ളാസില്‍ പുതുതായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ സ്വീകരിക്കാന്‍ സംസ്ഥാനതലം മുതല്‍ സ്കൂള്‍തലം വരെ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യക്ഷരം നുകരാന്‍ എത്തുന്ന കുരുന്നുകള്‍ക്ക് മധുരംനല്‍കിയും വിസ്മയകാഴ്ചകള്‍ ഒരുക്കിയുമായിരിക്കും പ്രവേശനോത്സവം നടത്തുക. മധുരംനല്‍കിയും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചുമായിരിക്കും കുരുന്നുകളെ സ്കൂളുകളില്‍ വരവേല്‍ക്കുക.
ഇത്തവണ പ്രവേശനോത്സവത്തിനായി എസ്.എസ്.എ പ്രത്യേക ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. പിന്നണി ഗായകന്‍ പി. ജയചന്ദ്രനാണ് ഗാനം ആലപിച്ചത്. സ്കൂളുകളില്‍ മുതിര്‍ന്ന കുട്ടികള്‍ ഈ ഗാനം ആലപിച്ചാണ് നവാഗതരെ എതിരേല്‍ക്കുക.
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ല, ബ്ളോക്, പഞ്ചായത്ത് തലങ്ങളിലും പ്രവേശനോത്സവം ഉദ്ഘാടനം നടക്കും. ഒന്നാം ക്ളാസില്‍ പ്രവേശംനേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞവര്‍ഷം 2.89 ലക്ഷം വിദ്യാര്‍ഥികളാണ് ഒന്നാം ക്ളാസില്‍ പ്രവേശംനേടിയത്. 2014ല്‍ ഇത് 2.94 ലക്ഷമായിരുന്നു.
ഇത്തവണത്തെ കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തിദിനത്തില്‍ ആധാര്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന കണക്കെടുപ്പിലൂടെ പുറത്തുവരും. ഒമ്പത്, പത്ത് ക്ളാസുകളിലെ പാഠപുസ്തകം ഈ വര്‍ഷം മാറുന്നുണ്ട്.
ഇവയുടെ അച്ചടി ഏറെക്കുറെ പൂര്‍ത്തിയായി. ജൂണ്‍ 15നകം പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്.
200 അധ്യയനദിനങ്ങള്‍ ഉറപ്പുവരുത്താന്‍ നേരത്തെ ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.