തെരഞ്ഞെടുപ്പുകള്‍ ആഘോഷത്തിനുള്ളതല്ല –ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: തെരഞ്ഞെടുപ്പുകള്‍ ആഘോഷമാക്കാനുള്ളതല്ളെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്ന ഭരണഘടനാപരമായ അവകാശത്തെ ആഘോഷകരമാക്കുന്നതിനുപകരം മികച്ച ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ് വേണ്ടത്. കേരളനാദം പത്രാധിപരായിരുന്ന സി.പി. മമ്മുവിന്‍െറ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഹൈബി ഈഡന്‍ എം.എല്‍.എക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്‍െറ കുരുക്കില്‍പ്പെട്ടയാളാണ് താന്‍. അടിയന്തരമായി യാത്രചെയ്യുന്ന എത്രയോ ആളുകളെയാണ് കൊട്ടിക്കലാശത്തിന്‍െറ പേരില്‍ വഴിയില്‍ ബുദ്ധിമുട്ടിക്കുന്നത്. ഇത്തരം തെരഞ്ഞെടുപ്പാഘോഷങ്ങള്‍ക്ക് അറുതിയുണ്ടാകണം. നീതിയും നിയമവും കണ്ണുകെട്ടി നടപ്പാക്കണമെന്നാണ് പറയാറുള്ളത്. ബാഹ്യപ്രേരണകള്‍ ഉണ്ടാകാതെ ഉള്‍ക്കണ്ണുകൊണ്ട് കാര്യങ്ങള്‍ കണ്ട് വേണം ഇവ നടപ്പാക്കാനെന്ന് സൂചിപ്പിക്കാനാണ് ഈ പ്രയോഗം.

എന്നാല്‍, ഉള്‍ക്കണ്ണ് ഒരിക്കലും തുറന്നിരിക്കുന്നില്ളെന്നതാണ് സത്യം. ഇപ്പോള്‍ വഴിയില്‍ കുടുങ്ങിയതുകൊണ്ടാണ് തന്‍െറ ഉള്‍ക്കണ്ണ് തുറന്നത്. അതുകൊണ്ടാണ് കലാശക്കൊട്ട് വിഷയം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കാന്‍ ഹൈകോടതിക്ക് കത്ത് നല്‍കിയത്. കോടതി അത് ഹരജിയായി സ്വീകരിച്ചിട്ടുമുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി തീരുമാനമെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ് ഒരു നേതാവിന്‍െറ യഥാര്‍ഥ യോഗ്യത. എന്തിനെക്കുറിച്ചും ഉടന്‍ തീരുമാനമെടുക്കാനും തന്നിലര്‍പ്പിക്കപ്പെട്ട വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നേതാവിന് കഴിയണം. ആരുടെയും ശ്രദ്ധയില്‍പെടാതെ പലരും സമൂഹത്തില്‍ കഴിയുന്നുണ്ട്. സഹായം ആവശ്യമുള്ള ഒട്ടേറെപേരുണ്ട്. ജീവിച്ചിരിക്കുന്ന ജിഷമാര്‍ ഇനിയുമുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്കെല്ലാം കൃത്യസമയത്തുതന്നെ സഹായമത്തെണം. കൊല്ലപ്പെട്ടശേഷം കരഞ്ഞിട്ടോ വിലപിച്ചിട്ടോ കാര്യമില്ല. അവര്‍ കൊല്ലപ്പെടാതിരിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ചെയ്യേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
സി.പി. മമ്മു ഫൗണ്ടേഷന്‍െറ പത്താമത് അവാര്‍ഡാണ് ഹൈബി ഈഡന് സമ്മാനിച്ചത്. പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക അവാര്‍ഡ് പത്രപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് പെരുമനക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമ്മാനിച്ചു. സി.പി. മമ്മുവിന്‍െറ പത്നി സൈനബ മമ്മു അധ്യക്ഷത വഹിച്ചു.
കലക്ടര്‍ എം.ജി. രാജമാണിക്യം, മുന്‍ കലക്ടര്‍ എം.പി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.കെ.എ. ലത്തീഫ്, ജമാല്‍ കൊച്ചങ്ങാടി, കെ.പി. വേണു തുടങ്ങിയവര്‍ സംബന്ധിച്ചു. എം.പി. വേണു സ്വാഗതവും കെ.കെ. സൈനുദ്ദീന്‍ നന്ദിയും പ
റഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.