ജിഷ വധം: രേഖാചിത്രവുമായി സാമ്യമുള്ള യുവനടനെ ഒഴിവാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം –സംവിധായകന്‍

കൊച്ചി: ജിഷ വധത്തില്‍ പൊലീസ് പുറത്തുവിട്ട പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ള തസ് ലീക്കിനെ  ‘മുഖപടങ്ങള്‍’ എന്ന പുതിയ ചിത്രത്തില്‍ നിന്നൊഴിവാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ അജിന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തസ്ലീക്കിനെ മാറ്റുന്നതിനെക്കുറിച്ച് ഒരുചര്‍ച്ചയും നടന്നിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയില്‍നിന്ന് തന്നെ ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം തസ് ലീക് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തസ്ലീക്കുമായി സംസാരിച്ച് നിജസ്ഥിതി മനസ്സിലാക്കിയിരുന്നു. അതിനാല്‍  ഒഴിവാക്കേണ്ട കാര്യമില്ല. ലൊക്കേഷന്‍ നോക്കിയുള്ള യാത്രയിലായിരുന്നതിനാല്‍ തസ്ലീക്കിന് തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനിടെ ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരെന്ന് പറഞ്ഞ ചിലരാണ് തസ്ലീക്കിനെ ബന്ധപ്പെട്ട് ചിത്രത്തില്‍ നിന്നൊഴിവാക്കിയതായി പറഞ്ഞത്. ഇതൊന്നും താന്‍ അറിഞ്ഞിട്ടില്ല. കാര്യമറിയാതെ പലരും സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ആക്രോശിക്കുകയാണെന്നും അജിന്‍ലാല്‍ പറഞ്ഞു.

ജിഷ വധവുമായി ബന്ധപ്പെട്ട പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ തസ്ലീക്കിന്‍െറ ചിത്രം ഏതാനും ദിവസം പ്രചരിച്ചിരുന്നു. ചിത്രം പ്രചരിപ്പിച്ച വ്യക്തിക്ക് സത്യം ബോധ്യപ്പെട്ടിട്ടും തസ്ലീക്കിനുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദപ്രകടനത്തിന് പോലും  ഇതുവരെ തയാറായിട്ടില്ളെന്നും സംവിധായകന്‍ കുറ്റപ്പെടുത്തി.

സമൂഹ മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളും കമന്‍റുകളും തന്നെ വളരെയധികം വിഷമിപ്പിച്ചതായി തസ്ലീക്ക് പറഞ്ഞു. കുറ്റവാളി എന്ന നിലയിലാണ് എല്ലാവരും നോക്കുന്നത്. സംവിധായകനെ അറിയിക്കാതെ അത്തരമൊരു കുറിപ്പ് ഫേസ്ബുക്കില്‍ ഇടാന്‍ പാടില്ലായിരുന്നു. അണിയറപ്രവര്‍ത്തകരുടെ സംസാരത്തില്‍ നിന്നുണ്ടായ തെറ്റിധാരണയാണ് കുറിപ്പിന് കാരണമായതെന്നും തസ്ലീക് പറഞ്ഞു. ശ്രീമൂലനഗരം സ്വദേശിയായ തസ്ലീക്ക് ആലുവ തുരുത്തിലാണ് താമസം. പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായ തസ്ലീക് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.