ജിഷ വധം: നേര്യമംഗലത്തെ യുവാവിനെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുന്നു

കൊച്ചി: ജിഷ വധവുമായി ബന്ധപ്പെട്ട് നേര്യമംഗലത്തെ ജിഷയുടെ പരിചയക്കാരനായ യുവാവിനെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി യുവാവിന്‍െറ രക്തസാമ്പ്ള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഇയാളുടെ വിരലടയാളവും ശേഖരിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് ഈ യുവാവിനെ കുറിച്ച് അന്വേഷിക്കുന്നത്. കൊല നടന്ന ദിവസം ജിഷ കോതമംഗലം ഭാഗത്തേക്ക് പോയതായി ഒരു സ്വകാര്യ ബസ്കണ്ടക്ടര്‍ മൊഴിനല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജിഷയുടെ മൊബൈല്‍ ഫോണിലെ കാള്‍ പട്ടിക പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ യുവാവിനെ കുറിച്ച് വിവരം ലഭിച്ചത്.
എന്നാല്‍, ഇയാള്‍ പരസ്പരവിരുദ്ധമായാണ് മൊഴിനല്‍കിയത്. കഞ്ചാവിനും മദ്യത്തിനും അടിമയായ യുവാവ് പൊലീസിനെ വട്ടംകറക്കി. ലഹരിക്കടിമയാണെങ്കിലും അന്വേഷണ പരിധിയില്‍നിന്ന് ഒഴിവാക്കേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്. അതേസമയം, ജിഷയുമായി യുവാവ് എങ്ങനെ പരിചയപ്പെട്ടെന്നത് സംബന്ധിച്ച്  വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുമില്ല.

അമ്മ രാജേശ്വരി ഇപ്പോഴും പലതും മറച്ചുവെക്കുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പലതവണ ചോദ്യം ചെയ്തെങ്കിലും അമ്മയില്‍ നിന്ന് വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ളെന്നാണ് പൊലീസ് കരുതുന്നത്. ജിഷക്ക് പെന്‍കാമറ എന്തിനാണ് വാങ്ങിച്ചുകൊടുത്തത് എന്നതുസംബന്ധിച്ച് വ്യക്തമായി അമ്മ പൊലീസിനെ ബോധിപ്പിച്ചിട്ടില്ല. തനിക്കും ജിഷക്കും ശത്രുക്കളുണ്ടായിരുന്നുവെന്നും പലരെയും ഭയമായിരുന്നുവെന്നും അമ്മ ആവര്‍ത്തിക്കുന്നു. എന്നാല്‍, അത് ആരെന്ന് വ്യക്തമാക്കുന്നില്ല.

അയല്‍വാസി സാബുവിനെ കേന്ദ്രീകരിച്ചാണ് രാജേശ്വരി ഇപ്പോഴും ആരോപണം ഉന്നയിക്കുന്നത്. സാബുവിനെ ഡി.എന്‍.എ പരിശോധനക്ക് വരെ വിധേയമാക്കിക്കഴിഞ്ഞു. ഫലം അനുകൂലമായിരുന്നില്ല. എന്നിട്ടും സാബുവിനെതിരെയാണ് ആരോപണം.മറ്റ് ആരെയെല്ലാം കുറിച്ചാണ് ഭയം എന്നുള്ള ചോദ്യത്തിന് അമ്മ കൃത്യമായി മറുപടി പറയാത്തത് പൊലീസിനെ കുഴക്കുന്നു.അതേസമയം, മദ്യം ജിഷയുടെ അകത്ത് ചെന്നതായി സംശയമുണ്ടെന്ന തരത്തില്‍ തിരുവനന്തപുരം കെമിക്കല്‍ എക്സാമിനര്‍ ലാബില്‍നിന്ന് ലഭിച്ച പരിശോധനാഫലം പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ട് തെറ്റിയതാണ് വിശ്വാസക്കുറവിന് കാരണം. ഇതേതുടര്‍ന്നാണ് ജിഷയുടെ ആന്തരാവയവങ്ങള്‍ കൂടുതല്‍ പരിശോധനക്കായി ഹൈദരാബാദിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാലേ ഇതുസംബന്ധിച്ച് ആധികാരികമായി പറയാനാവൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.