കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ജിഷയുടെ കൊലപാതകിയുടേതെന്ന് കരുതപ്പെടുന്നയാളിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വീടിന് സമീപത്തുള്ള വളം വിൽപന കേന്ദ്രത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കൊല നടന്ന ദിവസം ഉച്ചക്ക് ഒന്നരയോടെ ജിഷയും തൊട്ടു പിന്നാലെ മഞ്ഞ ഷർട്ടിട്ട യുവാവും വീട്ടിലേക്ക് കയറി പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത് എന്നതിനാൽ യുവാവിന്‍റെ മുഖം വ്യക്തമല്ല. ഈ കേന്ദ്രത്തിലെ തന്നെ മറ്റൊരു കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിൽ നിന്നും പ്രതിയുടെ വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജിഷയെ കൊലപ്പെടുത്തിയത് മഞ്ഞ ഷർട്ടിട്ട ഒരാളാണെന്ന് നിരവധി സാക്ഷിമൊഴികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. സംഭവ ദിവസം രാവിലെ ജിഷ ബസിൽ കോതമംഗലത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തിരിച്ചു വരുന്ന ദൃശ്യങ്ങളാകാം വീഡിയോയിലുള്ളത് എന്നാണ് കരുതുന്നത്. കോതമംഗലത്തേക്ക് പോയതെന്തിന് എന്നതിനെ കുറിച്ചുള്ള കാര്യങ്ങളിലും ഇതോടെ വ്യക്തത കൈവരുമെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.